മാന്ത്രിക ശബ്ദത്തിലൂടെ അത്ഭുതങ്ങള്‍ തീര്‍ത്ത അതുല്യഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംഗീതലോകം. എന്റെ സഹോദരനാണ് അദ്ദേഹം… ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് ഗായകന് എംജി ശ്രീകുമാര്‍ പറഞ്ഞു.
എത്രയോ വര്‍ഷം മുന്‍പ് ഞാന്‍ പരിചയപ്പെട്ടയാളാണ് എന്റെ ബാലുവണ്ണന്, എന്റെ സഹോദരനാണ് അദ്ദേഹം… ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ സംഭവിച്ചത്. ഇന്നലെ രാത്രി ചില വാര്‍ത്തകള്‍ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
ഇതുവരെ എന്തേലും ആഹാരം പോലും നല്ല പോലെ കഴിക്കാന്‍ എനിക്ക് പറ്റിയില്ല. എനിക്ക് അത്രയും അടുപ്പമുള്ള വ്യക്തിയാണ് എസ്.പി അണ്ണന്. എത്രയോ പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാട്ടിയിട്ടുണ്ട്. ഒരുമിച്ചു പാട്ടുമ്പോള്‍ എന്തെങ്കിലും ഒരു സംഗതി ഞാന്‍ നല്ല രീതിയില്‍ നല്കിയാല് അപ്പോള്‍ തന്നെ സബാഷ് ഡാ എന്നു പറഞ്ഞ് നമ്മളെ അഭിനന്ദിക്കുന്നയാളാണ് എസ്.പി അണ്ണന് എന്നും വേദനയോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല മനസിനുടമയാണ് അദ്ദേഹം. അങ്ങനെയൊരാള്‍ക്ക് ഇതു സംഭവിച്ചല്ലോ എന്നതാണ് എന്റെ ദുഖം. ഞങ്ങള്‍ക്കെല്ലാം ബാലുവണ്ണന് എന്നു പറഞ്ഞാല്‍ ഒരു ഉത്സവമാണ്. അത്രയും ഓര്‍മ്മകളാണ് ഞങ്ങള്‍ക്കുള്ളത്. മനസ് തകര്‍ന്നിരിക്കുകയാണ് ഞാന്‍. സംസാരിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല.
അദ്ദേഹം പോയതില്‍ ഒരുപാട് സങ്കടപ്പെടുന്നു. ഈ പ്രപഞ്ചത്തിന്റെ ഗായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും നിലനില്ക്കും. അദ്ദേഹത്തിന് നിത്യശാന്തി നേരാന്‍ പോലും എനിക്കാവില്ല. അദ്ദേഹം പാട്ടുകളിലൂടെ ഇനിയും ജീവിക്കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
Discussion about this post