കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് നടി ലെന. ജനങ്ങളെ വീടിനുള്ളില്‍ തളച്ചിട്ട കൊവിഡിനും ലോക്ഡൗണിനും ഇടയിലൂടെ കടന്ന് പോയ ആറ് മാസങ്ങളെ കുറിച്ചാണ് ലെന പങ്കുവെച്ചത്. എപ്പോള്‍ തീരും, എന്തു ചെയ്യും, എന്താ ഇങ്ങനെ? ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നാല്‍ നെഗറ്റീവ് മാത്രമെ കണ്ണില്‍പ്പെടുകയൊള്ളൂവെന്ന് ലെന പറയുന്നു.
ലെനയുടെ വാക്കുകള്‍;
‘എപ്പോള്‍ തീരും, എന്തു ചെയ്യും, എന്താ ഇങ്ങനെ? എന്നീ മൂന്നു ചോദ്യങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഈ ആറുമാസം ഞാന്‍ ചെലവഴിച്ചത്. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നാല്‍ കൂടുതല്‍ നെഗറ്റീവായ സാഹചര്യമേ നമ്മുടെ കണ്ണില്‍പ്പെടുകയുള്ളൂ. അതിനുപകരം ഈ സമയം ഏറ്റവും ഗുണകരമായും സമാധാനപരമായും എങ്ങനെ മറികടക്കാം എന്നു ചിന്തിച്ചാല്‍ പറ്റിയ കാര്യങ്ങള്‍ നമ്മുടെ കണ്‍വെട്ടത്ത് വരും. നമ്മെ പ്രൊമോട്ട് ചെയ്യുന്ന അല്ലെങ്കില്‍ സന്തോഷം വളര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചാല്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ ഏതു പ്രതിസന്ധികള്‍ക്കിടയിലും മുന്നിലെത്തും.
മൂന്നുമാസത്തില്‍ കൂടുതല്‍ ആയുര്‍വേദ പഞ്ചകര്‍മ ചികിത്സയിലായിരുന്നു. ഇത്രയും കാലം ആരോഗ്യകാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിച്ചു. അതിനുശേഷം വിവിധ വിഷയങ്ങളിലുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ ആറുമാസം ഞാന്‍ പുറത്തിറങ്ങിയിട്ടേയില്ല. നിലവിലെ സാഹചര്യത്തില്‍ എത്ര ഗുണകരമായ രീതിയില്‍ സമയം ചെലവഴിക്കാമോ അത്രയും നല്ലത്. ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചെയ്തത് ഭൂരിപക്ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടവയാണ്. സിനിമയുമായി ബന്ധപ്പെട്ടവയും ചെയ്യുന്നുണ്ട്.
പെയ്ഡ് കോഴ്‌സുകളാണ് ഇവയിലധികവും. നമ്മുടെ അഭിരുചിക്കനുസരിച്ച് നിരവധി സൗജന്യകോഴ്‌സുകള്‍ നടത്തുന്ന യൂണിവേഴ്‌സിറ്റികളുമുണ്ട്. എല്ലാം സ്വയം തിരഞ്ഞ് കണ്ടെത്തി. നമുക്ക് ഗുണകരമായ ഇത്തരം കോഴ്‌സുകള്‍ ചെയ്താല്‍ ഓരോ ദിവസവും ക്രിയാത്മകമാകും. തൃശ്ശൂരില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഈ ദിവസങ്ങളില്‍ ഈ നഗരം വളരെ അപരിചിതമായി തോന്നി. തീര്‍ത്തും നിശ്ചലമായി ഇവിടം. നഷ്ടങ്ങളേറെയുണ്ടാകും. പക്ഷേ അത്തരം നഷ്ടങ്ങളില്‍ ഫോക്കസ് ചെയ്തിട്ട് കാര്യമില്ല. ഈ സമയത്ത് നമുക്കോ മറ്റുള്ളവര്‍ക്കോ ഗുണകരമായി എന്തു ചെയ്യാം എന്നാണ് ചിന്തിക്കേണ്ടത്.’
Discussion about this post