കൊച്ചി: സി യു സൂൺ ചിത്രം വലിയ ചർച്ചയായതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളായ ദർശന രാജേന്ദ്രനും റോഷൻ മാത്യുവും നൽകിയ വനിതയിലെ അഭിമുഖവും ശ്രദ്ധേയമായിരുന്നു. എന്നാൽ, ആ അഭിമുഖത്തിൽ താരങ്ങൾ പറഞ്ഞതായും ചെയ്തതായും വായനക്കാർ വായിച്ച പലതും തെറ്റാണെന്നും വസ്തുതാപരമായ തിരുത്തൽ ഇതാണെന്നും അറിയിച്ച് ഇരു താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. മലയാള മനോരമയുടെ പ്രസിദ്ധീകരണമായ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി താരങ്ങളായ ദർശന രാജേന്ദ്രനും റോഷൻ മാത്യവും ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ ഇരുവരും പറയുകയോ അറിയുകയോ ചെയ്യാത്ത പലകാര്യങ്ങളും അഭിമുഖത്തിൽ പബ്ലിഷ് ചെയ്തിരിക്കുന്നെന്നും അവതാരക ലക്ഷ്മി പ്രേം കുമാറിനോട് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും അച്ചടിച്ച് വന്നിട്ടുണ്ടെന്നും ഇരുവരും ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാണിക്കുന്നു. വനിതയിൽ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകൾ എന്ന തലക്കെട്ടിൽ അക്കമിട്ട് നിരത്തിയാണ് റോഷൻ മാത്യുവിന്റെ ‘ഫാക്ട് ചെക്ക്’
റോഷൻ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു’ എന്ന് ദർശന പറഞ്ഞിട്ടില്ല.
3. ‘ഓൾ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. ‘മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. ‘റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. ‘താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്. 🤷🏽♂️
8. ‘എ വെരി നോർമൽ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
9. ‘ഡിയർ’ എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.
10. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?