‘ഇടവേളയില്‍’ ബോഡി ബില്‍ഡിംഗില്‍ താരങ്ങള്‍; പുതിയ വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ച് ജയറാം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊവിഡ് 19 എന്ന മഹാമാരിയുടെ കടന്നുവരവും ലോക്ക്ഡൗണിലും സിനിമാ ലോകം പ്രതിസന്ധിയിലാണെങ്കില്‍ തങ്ങളുടെ ബോഡി ബില്‍ഡിംഗിലാണ് താരങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടൊവീനോ തോമസും തങ്ങളുടെ വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചത് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് പ്രേക്ഷക പ്രിയങ്കരന്‍ ജയറാം. ഫേസ്ബുക്കിലൂടെയാണ് താരം വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചത്.

‘8 മാസമായി ക്വാറന്റൈനില്‍, 7 മാസമായുളള തെഴിലില്ലായ്മ’ എന്ന അടിക്കുറിപ്പോടെയാണ് വീട്ടിലെ വര്‍ക്ക്ഔട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തെഴിലില്ലായ്മ സിനിമയില്‍ മാത്രമല്ല, ഞങ്ങള്‍ക്കും അതു തന്നെയാണ് അവസ്ഥ എന്നാണ് ആരാധകരുടെ കമന്റ്. താരത്തിന്റെ വര്‍ക്കൗട്ട്-മേക്കോവര്‍ ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അര്‍ജുനന്‍ ചിത്രത്തിനായി ജയറാം വര്‍ക്കൗട്ടിലൂടെ 13 കിലോയോളം ഭാരം കുറച്ചിരുന്നു. താരത്തിന്റെ മെലിഞ്ഞ ചിത്രങ്ങള്‍ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

Exit mobile version