7 മാസമായി പണിയൊന്നുമില്ല; വീട്ടിലിരുന്ന് വീണ്ടും ലുക്ക് മാറ്റി ജയറാം

രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ഷൂട്ടിങ് എല്ലാം നിര്‍ത്തിവെച്ചതോടെ സിനിമ നടന്മാര്‍ക്കും പണിയില്ലാതായി. ഷൂട്ടിങ് ലൊക്കേഷനുകളിലെ തിരക്കുകളില്‍ നിന്ന് മാറി വിശ്രമത്തിലാണ് പല താരങ്ങളും ഇപ്പോള്‍.

പലരും നേരിട്ടുളള സാമൂഹ്യ ഇടപെടലുകളില്‍ നിന്നും വിട്ടുനിന്ന് മാസങ്ങളോളമായി വീടുകളിലാണ്. എങ്കിലും താരങ്ങളെല്ലാം സമൂഹമാധ്യമങ്ങില്‍ എപ്പോഴും സജീവമാണ്. പലരും കുടുംബത്തോടൊപ്പം വീടുകളില്‍ ചെലവഴിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ, വീട്ടിലെ വര്‍ക്ക്ഔട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ ജയറാം. ‘8 മാസമായി ക്വാറന്റൈനില്‍, 7 മാസമായുളള തെഴിലില്ലായ്മ’ എന്ന അടിക്കുറിപ്പോടെയാണ് ജയറാം ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ വര്‍ക്കൗട്ട്-മേക്കോവര്‍ ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ മകന്‍ കാളിദാസ് ജയറാം പങ്കുവെച്ച ജയറാമിന്റെ ജിം ലുക്കും ശ്രദ്ധ നേടിയിരുന്നു. അച്ഛന്‍ എന്നും 5 മണിക്ക് എഴുന്നേറ്റ് വ്യായാമം തുടങ്ങുമെന്നാണ് കാളിദാസ് പറഞ്ഞത്. ഈ പ്രായമാകുമ്പോള്‍ ഇതിന്റെ പകുതിയെങ്കിലും ആരോഗ്യത്തോടെ ഇരിക്കാനായാല്‍ ഭാഗ്യം എന്നായിരുന്നു ചിത്രത്തിനൊപ്പം കാളിദാസിന്റെ കുറിപ്പ്.

Exit mobile version