രണ്ടാമൂഴം ഉടന്‍ സിനിമയാകും; എംടി-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന തര്‍ക്കം സുപ്രീം കോടതി തീര്‍പ്പാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ് തുക എം.ടി മടക്കി നല്‍കും. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും.

2014 ലായിരുന്നും എം ടിയും വി എസ് ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറിലൊപ്പിട്ടത്. കരാര്‍ ലംഘനമുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്നുള്ള സിനിമ ഉപേക്ഷിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, രണ്ടാമൂഴം ഉടന്‍സിനിമയാക്കുമെന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എംടി പ്രതികരിച്ചു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട്. സിനിമ വൈകിപ്പോയതില്‍ ദുഃഖമുണ്ടെന്നും എം.ടി വാസുദേവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version