രണ്ടാമൂഴം സിനിമയെച്ചൊല്ലി എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം ഒത്ത് തീര്‍പ്പിലേക്ക്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന് നല്കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ് തുക എം.ടി മടക്കി നല്‍കും. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എം.ടിക്കെതിരെ നല്കിയ ഹര്‍ജി ശ്രീകുമാര്‍ മേനോന് പിന്‍ലിക്കും.അതിനായി അപേക്ഷ നല്കി. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി നല്കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും.
അതേസമയം മിഷന് കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രമേയമാക്കി ശ്രീകുമാര്‍ മേനോന് പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകും.ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.
മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഡിസംബറില്‍ ചിത്രം ആരംഭിക്കും.