എന്നില്‍ നിന്ന് അത്തരം വാക്കുകളൊന്നും നീ പ്രതീക്ഷിക്കണ്ട, ഞാന്‍ ഇങ്ങനെ നിന്നോട് പ്രതികാരം ചെയ്യും; പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ നെഞ്ചുതകര്‍ന്ന് മനോജ് കുമാര്‍

നടന്‍ ശബരിനാഥിന്റെ മരണം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും ആരാധകരെയുമെല്ലാം ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസമായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കള്‍. സഹപ്രവര്‍ത്തകര്‍ എന്നതില്‍ ഉപരി ശബരിയുമായി ഉറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്നവര്‍ ആണ് മിക്ക താരങ്ങളും എന്ന് പോസ്റ്റുകളിലൂടെ വ്യക്തമാണ്.

സഹപ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തും സഹോദരനു തുല്യവുമായിരുന്ന നടന്‍ മനോജിന് ശബരി. ശബരിയുടെ വേര്‍പാട് ഉണ്ടാക്കിയ വേദനയില്‍ മനോജ് കുമാര്‍ പങ്ക് വച്ച ഒരു കുറിപ്പാണ് ഏറെ വേദനിപ്പിക്കുന്നത്. ശബരിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഏതാനും മണിക്കൂര്‍ തനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു എന്നാണ് മനോജ് കുറിപ്പിലൂടെ പറഞ്ഞു തുടങ്ങുന്നത്.

മനോജ് കുമാര്‍ പങ്കുവെച്ച കുറിപ്പ്

‘ എന്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ…!?
ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും..
തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ ,ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും…ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്…’മനോജേട്ടാ… ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്‌നവുമില്ല… ആരാ ഇത് പറഞ്ഞത്’ എന്ന വാക്കു കേള്‍ക്കാന്‍…

പക്ഷെ നീ ഫോണ്‍ ‘എടുത്തില്ല ‘..

‘ എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്റെ എഫ്ബി പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന ‘വാക്കുകള്‍’ ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല..കാരണം നീയെന്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്…അതു കൊണ്ട് …’ വിട … ആദരാഞ്ജലി… പ്രണാമം…’
ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട….ഞാന്‍ തരില്ല… നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി ‘പ്രതികാരം’ ചെയ്യാന്‍ കഴിയൂ. ഓകെ ശബരി. ടേക് കെയര്‍ ‘, എന്നാണ് മനോജ് കുറിച്ചത്.

Exit mobile version