പുതിയ കാലത്ത് സ്ത്രീകളുടെ സുരക്ഷിതമായ ആർത്തവത്തിന് മെൻസ്ട്രൽ കപ്പ് ഉൾപ്പടെയുള്ള ഉപയോഗിക്കുന്നതിനെ കുറിച്ചൊക്കെ ചർച്ചകൾ നടക്കവെ അനാവശ്യമായ ഭീതിയും ചിലർ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. ഇതിനെ കുറിച്ച് തുറന്നുപറയുകയാണ് ഗായിക ചിന്മയി. മെൻസ്ട്രൽ കപ്പ്, ടാംപൂൺ എന്നിവയെക്കുറിച്ച് ചിന്മയി കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലാണ് ചിന്മയി വീഡിയോ പങ്കുവച്ചത്. യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, ഈ പ്രതികരണങ്ങൾക്കിടയിലും ഉയർന്ന ഒരു ചോദ്യമാണ് ചിന്മയിയെ അലട്ടുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ കന്യകാത്വം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലർക്കും. ”മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാംപൂൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ എറ്റവും കൂടുതൽ വരുന്ന ചോദ്യം ‘കന്യകാത്വം’ നഷ്ടപ്പെടുമോ എന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, ലൈംഗികാരോഗ്യം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഭയപ്പെടുത്തുന്നതാണ്” ചിന്മയി സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു.