സ്ത്രീകളുടെ വസ്ത്രധാരണത്തിന് നേരെ ഉയരുന്ന സദാചാര കണ്ണുകളോട് പ്രതിഷേധിച്ച് രംഗത്തെത്തിയ മലയാള സിനിമാ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടിയും. കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന കുറിപ്പോടെയാണ് കാലുകൾ പുറത്തു കാണിക്കുന്ന രീതിയിലുള്ള ചിത്രം നടൻ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ, അനശ്വര രാജൻ പങ്കുവെച്ച കാലുകൾ കാണിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രത്തിന് നേരെ സോഷ്യൽമീഡിയയിൽ സദാചാരവാദികൾ നടത്തിയ വെർബൽ ആക്രമണം വലിയ വിവാദമായിരുന്നു. പതിനെട്ടാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. എന്നാൽ അനശ്വരയ്ക്ക് ചലച്ചിത്ര മേഖലയിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും പിന്തുണ വർധിക്കുകയാണ്.
അനശ്വരയേയും നടിമാരേയും പിന്തുണച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ…’