സ്ത്രീയുടേയും പുരുഷന്റേയും കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്; റിമയ്ക്ക് പിന്നാലെ അനശ്വരയ്ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ മലയാളി നായികമാര്‍

മോഡേണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നടി അനശ്വര രാജന് സമൂഹമാധ്യത്തില്‍ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരില്‍ അസഭ്യവര്‍ഷം നേരിടേണ്ടി വന്ന അനശ്വര രാജന് പൂര്‍ണപിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ നായികമാര്‍.

റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി എന്നിവരാണ് മോഡേണ്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വരയ്ക്ക് പിന്തുണ അറിയിച്ചത്. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടില്‍ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

‘അദ്ഭുതം അദ്ഭുതം… സ്ത്രീകള്‍ക്ക് കാലുകണ്ടത്രേ’ എന്ന അടിക്കുറിപ്പ് സഹിതമാണ് റിമ ഫോട്ടോ പങ്കുവെച്ചത്. സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ ഒന്നടങ്കം വായടപ്പിക്കുന്ന മാസ് മറുപടിയാണ് റിമ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് അഹാനയും അനാര്‍ക്കലിയും എത്തിയത്.

‘ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല’ എന്നാണ് അനാര്‍ക്കലി പോസ്റ്റില്‍ പറയുന്നത്. ‘ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാന്‍ ഇതുപോലെ ഷോര്‍ട്‌സ് ധരിക്കും, സാരി, ഷര്‍ട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.’-അഹാന പറഞ്ഞു.

സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്. അതില്‍ എന്താണ് വ്യത്യാസം. ഇപ്പോള്‍ ഒരു പുരുഷന്‍ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി. പക്ഷേ അതൊരു പെണ്‍കുട്ടി െചെയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം. അവള്‍ക്ക് നാണമില്ല, ശ്രദ്ധിക്കാന്‍ വേണ്ടി ചെയ്യുന്നു, ഇങ്ങനെയാണ് കമന്റുകള്‍ വരിക.’-അഹാന കുറിച്ചു.

കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ഇന്ന് കാലുകളുടെ ദിവസം എന്നായിരുന്നു ഈ വിഡിയോയ്ക്ക് റിമയുടെ കമന്റ്. താരങ്ങള്‍ പങ്കുവെച് ഫോട്ടോയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്തത്.

Exit mobile version