പറയാതെ പോയ, പറയാൻ ആഗ്രഹിച്ചിട്ടും മടിച്ചു നിൽക്കുന്ന ഒരു പ്രണയം ഉള്ളിൽ കൊണ്ടു നടന്നവരായിരിക്കും ഓരോരുത്തരും. ആരുമറിയാതെയെങ്കിലും സ്വന്തമെന്ന് കരുതി ഉള്ളിൽ താലോലിക്കുന്ന ആ പ്രണയത്തെ തൂലികയിലാക്കിയിരിക്കുകയാണ് ആറ്റൂർ സ്വദേശിയായ സൂരജ്. പ്രണയാതുരമായ വരികൾ സംഗീതം ചെയ്ത് ഒരു ഗാനത്തിന്റെ രൂപത്തിലാക്കിയതോടെ കേട്ടാൽ ആസ്വദിച്ചിരുന്നു പോകുന്ന സുന്ദര പ്രണയഗാനം പിറവിയെടുക്കുകയായിരുന്നു.
യൂട്യൂബിൽ പബ്ലിഷ് ചെയ്തതോടെ ഈ പ്രണയഗീതം സോഷ്യൽമീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ‘കരിമഷി’ എന്ന ഈ പ്രണയഗാനത്തിന്റെ വരികൾ എഴുതിയതും സംഗീതം ചെയ്തിരിക്കുന്നതും ആലപിച്ചിരിക്കുന്നതും തൃശ്ശൂർ ചിന്മയ കോളേജിലെ ബി.കോം അവസാന വർഷ വിദ്യാർത്ഥി കൂടിയായ സൂരജ് തന്നെയാണ്.
കുറഞ്ഞ ചെലവിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരും ആറ്റൂരിലെ കലാകാരന്മാരാണ്. രണ്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഗാനം സംഗീതം ചെയ്ത് ഒരു ലിറിക്കൽ ആൽബമായി പബ്ലിഷ് ചെയ്തിരിക്കുന്നത്.
സൂരജിന്റെ വരികൾ സ്‌ക്രീനിലേക്ക് ഡിസൈനായി പകർത്തിയിരിക്കുന്നത് സോനു ആറ്റൂരാണ്. നിർമ്മാതാവ് രാജേഷ് ദാസും ചിത്രം പകർത്തിയിരിക്കുന്നത് രാജേഷ് ആറ്റൂരുമാണ്.