ആലപ്പുഴ: നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയനടനാണ് രാജേഷ്. സിനിമയില്‍ കോബ്ര എന്ന കഥാപാത്രമാണ് രാജേഷ് ചെയ്തത്. സിനിമ ഹിറ്റ് ആയതോടെയും രാജേഷിന്റെ കഥാപാത്രം ജനശ്രദ്ധ നേടിയതിനും പിന്നാലെ കഥാപാത്രത്തിന്റെ പേര് രാജേഷിന് ജീവിതത്തിലും വീണു.
സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച രാജേഷിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ആ ചിരിയില്ല. കോവിഡ് പ്രതിസന്ധിയില്‍ സിനിമയില്ലാതായതോടെ ജീവിക്കാന്‍ വേണ്ടി ഉണക്ക മീന്‍ വില്‍ക്കുകയാണ് രാജേഷ് ഇപ്പോള്‍. ലോക്ക്ഡൗണ്‍ കോബ്ര രാജേഷിന്റെ ജീവിതത്തെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
ആലപ്പുഴയിലെ വളഞ്ഞ വഴി കടപ്പുറത്ത് ചെന്നാല്‍ കോബ്ര രാജേഷിനെ കാണാം. രാജേഷ് അവിടെ മീന്‍ ഉണക്കി പൊരി വെയിലത്ത് വില്‍പ്പന നടത്തുന്നുണ്ടാകും. കൊവിഡിന് മുന്‍പേ തന്നെ വലിയ ദുരന്തങ്ങള്‍ രാജേഷിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
കടപ്പുറത്തിന് സമീപത്തായിരുന്നു രാജേഷിന്റെ വീട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ രാജേഷിന്റെ വീട് തകര്‍ന്നു. ഇതോടെ രാജേഷും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറി. അതിനിടെയാണ് ഇരുട്ടടി പോലെ കൊവിഡിന്റെ വരവ്.
ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം ഹിറ്റായതോടെ രാജേഷിനെ തേടി മറ്റ് പല സിനിമകളിലും അവസരങ്ങള്‍ വന്നിരുന്നു. അതിലൂടെ ജീവിതം ഒരുകരപറ്റിക്കാമെന്ന പ്രതീക്ഷയാണ് കൊവിഡ് തെറ്റിച്ചത്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് രാജേഷിന്റെ കുടുംബത്തിലുളളത്.
കൊവിഡ് കാലം കഴിയുമ്പോള്‍ സിനിമയിലേക്ക് തന്നെ മടങ്ങണം എന്നാണ് കോബ്ര രാജേഷിന്റെ മോഹം. കൊവിഡ് ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സിനിമയിലേത് അടക്കം പല കലാകാരന്മാരും വരുമാനം ഇല്ലാതെ ദുരിതക്കയത്തിലേക്ക് വീണിരിക്കുകയാണ്. പലരും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ്.