പാട്ടു പാടി എആര്‍ റഹ്മാനേയും ചിരഞ്ജീവിയേയും അമ്പരപ്പിച്ച വീട്ടമ്മ സിനിമയില്‍ പാടുന്നു! വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമായി വീട്ടമ്മ ബേബി

തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ 'പ്രേമിക്കുഡു'വിലെ എആര്‍ റഹ്മാന്‍ ഈണമിട്ട 'ഓ ചെലിയ' എന്ന ഗാനമായിരുന്നു ബേബി പാടിയത്.

ഹൈദരാബാദ്: സോഷ്യല്‍മീഡിയയില്‍ വൈറലായ ‘ഓ ചെലിയ’ ഗാനം ആരുടേയും മനസില്‍ നിന്നും ഇപ്പോഴും മാഞ്ഞിട്ടുണ്ടാകില്ല. എആര്‍ റഹ്മാന്റെ ഗാനം ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് പസാല ബേബി എന്ന ആന്ധ്രാ സ്വദേശിയായ വീട്ടമ്മ പാടി ഫലിപ്പിച്ചത്. ഈ ഗാനം സാക്ഷാല്‍ എആര്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ താരമായ ബേബി ഉടന്‍ സിനിമയില്‍ പാടാന്‍ തയ്യാറെടുക്കുകയാണ്.

തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ ‘പ്രേമിക്കുഡു’വിലെ എആര്‍ റഹ്മാന്‍ ഈണമിട്ട ‘ഓ ചെലിയ’ എന്ന ഗാനമായിരുന്നു ബേബി പാടിയത്. പിന്നീട് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ടിവി ഷോയിലൂടെ ബേബിയെ ആദരിച്ചിരുന്നു.

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമായ ‘പലാസ 1978’ ലാണ് ബേബിക്ക് പാടാനുള്ള അവസരം ലഭിച്ചത്. സംഗീത സംവിധായകനായ രഘു കുഞ്ചേയാണ് ചിത്രത്തിന് ഈണം നല്‍കുന്നത്. സൈബര്‍ലോകം ഏറ്റെടുത്ത ബേബി ഇപ്പോള്‍ പിന്നണിയിലേക്കെത്തുന്നത് സോഷ്യല്‍മീഡിയയുടെ കരുത്താണ് കാണിക്കുന്നത്.

ആന്ധ്രാപ്രദേശ് ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. ബേബിയുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചേ പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. രഘു കുഞ്ചേയക്ക് പിന്നാലെ സംഗീത സംവിധായകനായ കൊട്ടേസ്വര റാവുവും ബേബിയെ സമീപിച്ചിട്ടുണ്ട്.

Exit mobile version