മലയാളികളുടെ ദേശീയോത്സവമായ ഓണം പ്രതിസന്ധിയുടെ നാളിലും ഒരുമയോടെ ആഘോഷിക്കുകയാണ് മലയാളികളെങ്ങും. പൂക്കളവും സദ്യയും ആണ് ഓണത്തിന്റെ പ്രധാന ആകർഷണം. സാമ്പാറ്, അവിയൽ, പുളിശ്ശേരി, കാളൻ, ഓലൻ, കൂട്ടുകറിയും കൊതിപ്പിക്കുന്ന മധുരം പകരുന്ന പായസവും ഉൾപ്പെട്ട വ്യത്യസ്തമായ ഈ ഭക്ഷണരീതി നെഞ്ചേറ്റുന്ന മലയാളികളല്ലാത്ത ഒരുപാട് പേരുണ്ട്. ദക്ഷിണേന്ത്യക്കാരും വടക്കേ ഇന്ത്യക്കാരുമെല്ലാം ഒരുപോലെ ഇതിലുൾപ്പെടും.
അത്തരത്തിലൊരു ഓണസദ്യ പ്രേമിയാണ് ബോളിവുഡ് താരമായ മലൈക അറോറ. ഇപ്പോഴിതാ വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ് മലൈക ഇൻസ്റ്റ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വിഭവങ്ങളുടെ പേരുകൾ കൃത്യമായി എണ്ണിപ്പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം അച്ഛന്റേയും അമ്മയുടേയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണെന്നും തങ്ങൾക്കായി സദ്യയൊരുക്കിത്തന്നത് അമ്മ ജോയ്സിയാണെന്നും മലൈക പറയുന്നു.
Discussion about this post