ഹൈദരാബാദ്: ജീവിതം ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. എന്നാല്‍ തളരാതെ എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയോടെ പോരാടുകയായിരുന്നു ഗംഗവ മില്‍ക്കുറി എന്ന മുത്തശ്ശി. ഇന്ന് 1.5 മില്യണ്‍ കാഴ്ചക്കാരുമായി സ്വന്തം യുട്യൂബ് ചാനലിലൂടെ താരമായി മാറിയിരിക്കുകയാണ് ഗംഗവ മുത്തശ്ശി.
തെലങ്കാനയിലെ ലംബാഡിപ്പള്ളി എന്ന കുഗ്രാമത്തിലാണ് ഗംഗവ മില്‍ക്കുറി താമസിക്കുന്നത്. മരുമകന്‍ തുടങ്ങിയ മൈ വില്ലേജ് ഷോ(My Village Show)) എന്ന യു ട്യൂബ് ചാനലിലൂടെയാണ് ഗംഗവ 1.5 മില്യണ്‍ കാഴ്ചക്കാരുമായി ആരാധകരെ കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഒരു മദ്യപാനിയായിരുന്നു ഗംഗവയുടെ ഭര്‍ത്താവ്. മൂന്ന് കുട്ടികളും ഭര്‍ത്താവുമടങ്ങുന്നതായിരുന്നു അവരുടെ കുടുംബം. ശരിക്കും ദുരിതപൂര്‍ണ്ണമായിരുന്നു ഗംഗവയുടെ ജീവിതം. കുടുംബം പുലര്‍ത്തിക്കൊണ്ടുപോകാന്‍ ബീഡിപ്പണിക്കും വീട്ടുപണിക്കുമെല്ലാം പോകുമായിരുന്നു ഗംഗവ.
ഒന്നാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ ഗംഗവക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. രണ്ട് പെണ്‍മക്കളും മകനുമടങ്ങുന്ന കുടുംബത്തെ പോറ്റാനായി അവര്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരുമകനും സംവിധായകനുമായ ശ്രീകാന്ത് ശ്രീറാമിന്റെ തലയിലുദിച്ച ഐഡിയ ഗംഗവയുടെ തലവര തന്നെ മാറ്റി.
2012ലാണ് മൈ വില്ലേജ് ഷോ എന്ന യു ട്യൂപ് ചാനല് ശ്രീറാം തുടങ്ങുന്നത്. എഴുത്തുകാരന്‍, എഡിറ്റര്‍, ക്യാമറമാന്‍ എന്നിവരടങ്ങുന്ന ഒന്‍പതംഗ ടീമാണ് ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ കാഴ്ചകളെയും സംസ്‌കാരത്തെയും ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയാണ് മൈ വില്ലേജ് ഷോ എന്ന ചാനലില്‍.
യു ട്യൂബ് ചാനലില്‍ അഭിനയിക്കുന്നതിന് മുന്‍പ് യു ട്യൂബിനെക്കുറിച്ചോ സോഷ്യല്‍ മീഡിയയെക്കുറിച്ചോ ഒരറിവും ഗംഗവക്ക് ഉണ്ടായിരുന്നില്ല. ചാനലിന് വേണ്ടി ഗ്രാമത്തിലെ ചെടികളുടെയും മരങ്ങളുടെയുമെല്ലാം വീഡിയോ എടുക്കുമായിരുന്നു.
എന്തിനാണ് ഈ കുട്ടി വീഡിയോ എടുത്ത് സമയം കളയുന്നതെന്ന് അന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. എന്നാല്‍ അതെന്റെ ജീവിതം മാറ്റിമറിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് ഗംഗവ പറയുന്നു. വളരെ ലളിതമായ രീതിയില്‍ ഒരു നാട്ടിന്‍പുറത്തുകാരിയുടെ അതേ നിഷ്‌ക്കളങ്കതയിലാണ് ഗംഗവ വീഡിയോ അവതരിപ്പിക്കുന്നതെന്ന് ശ്രീകാന്ത് പറയുന്നു.
അതുതന്നെയാണ് ആളുകള്‍ക്ക് വേണ്ടത്. ടീമംഗങ്ങള്‍ എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് ഗംഗവയോട് വിശദീകരിക്കാറുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവരുടേതായ രീതിയിലാണ് ഗംഗവ ചാനലില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ശ്രീകാന്ത് പറയുന്നു.ഞാനൊരു വൃദ്ധയാണ്, എന്റെ സംസാരരീതി ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത് ..ഗംഗവ പറയുന്നു.
മാതൃഭാഷയായ തെലുങ്കിലാണ് ഗംഗവ വീഡിയോയില്‍ സംസാരിക്കുന്നത്. 41,000 ഫോളോവേഴ്‌സുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൌണ്ടും ഗംഗവക്കുണ്ട്. ഗംഗവയുടെ പ്രശസ്തി അവരെ സിനിമയിലേക്കും എത്തിച്ചു. രണ്ട് തെലുങ്ക് സിനിമകളിലും ഇതിനോടകം മുത്തശ്ശി അഭിനയിച്ചിട്ടുണ്ട്.