തീരാതെ പെയ്യുന്ന പെരുമഴ മനസിൽ കനൽ നിറക്കുമ്പോഴും ആറി തണുപ്പിക്കുന്ന കുളിർമഴയായി പെയ്തിറങ്ങുകയാണ് കുഞ്ഞു ഭാവയാമിയുടെ സ്വരത്തിലെ ഈ ‘പെരുമഴപ്പാട്ട്’. പ്രളയകാലത്ത് അതിജീവനത്തിന് പ്രചോദനമാകുന്ന ഈ സംഗീതമഴ, ഭാവയാമിയുടെ സ്വരമാധുര്യം കൊണ്ടാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞദിവസമാണ് ഈ മിടുക്കിയുടെ പെരുമഴപ്പാട്ട് പ്രശസ്ത പിയാനിസ്റ്റും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. യൂട്യൂബിൽ പ്രീമിയറായി എത്തിയതിന് തൊട്ടുപിന്നാലെ ആയിരങ്ങളാണ് ഗാനം ആസ്വദിച്ചതും ഗായികയായ ഭാവയാമിക്ക് ആശംസകളുമായി എത്തിയതും.
പി സലീംരാജ് എഴുതി അച്ഛൻ ബിജീഷ് സംഗീതം നൽകിയ പാട്ടാണ് ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ ഭാവയാമി പാടിയത്. ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത് ശ്യാം-ഗീതു എന്നിവർ ചേർന്നാണ്.
തൃശ്ശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ഒന്നാംക്ലാസുകാരിയായ ഭാവയാമി അച്ഛന്റേയും അമ്മയുടേയും കലാപാരമ്പര്യം പിന്തുടർന്നാണ് കലാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. സൂര്യകാന്തി സംഗീത നൃത്തസഭയുടെ സ്ഥാപകരായ ബിജീഷ് കൃഷ്ണയുടേയും കലാമണ്ഡലം അക്ഷര ബിജീഷിന്റേയും മകളാണ് ഭാവയാമി.
ഭാവയാമി ചെറുപ്പം മുതലേ അച്ഛൻ ഈണമിട്ട വരികൾ മൂളിനടക്കുന്നതും പതിവാണ്. ദേശീയ യുവ് ഉത്സവിലും കേരളോത്സവത്തിലും കലാപ്രതിഭയായ ബിജീഷ് മഞ്ജുവാര്യർ അടക്കമുള്ള പ്രശസ്ത നർത്തകരുടെ സ്റ്റേജ് ഷോകളിൽ വായ്പ്പാട്ടുകാരനായും പ്രവർത്തിക്കുന്നുണ്ട്.നാടക ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയാണ് ബിജീഷ് കൃഷ്ണ. അതേസമയം, പിന്നണിഗാനരംഗത്തേക്ക് തന്നെ മനോഹരമായ ഗാനത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാവയാമിയും കുടുംബവും.
മനോഹരമായ ഈ ‘പെരുമഴപ്പാട്ട്’ എന്ന ആൽബത്തിന്റെ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത് ആദർശ് മോഹൻദാസാണ്. സൂര്യകാന്തി മീഡിയ പ്രൊഡക്ഷൻ കമ്പനിയാണ് ഗാനത്തിന്റെ നിർമ്മാണം.
Discussion about this post