‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ’; തീയേറ്റര്‍ ഉടമകളുടെ സംഘടനയ്‌ക്കെതിരെ ആഷിഖ് അബു

മറ്റ് ചിത്രങ്ങളുടെ ഒടിടി റിലീസ് വിലക്കുകയും ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെതിരെ സംവിധായകന്‍ ആഷിഖ് അബു. ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണെന്നാണ് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ’ എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്.

ടൊവീനോ തോമസും ആന്റോ ജോസഫും സംയുക്തമായി നിര്‍മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് നീണ്ട് പോയാല്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒടിടി റിലീസിന് അനുമതി നല്‍കിയതെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ വ്യക്തമാക്കിയത്. നിലവില്‍ തീയേറ്റര്‍ റിലീസിന് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്. മലയാളത്തില്‍ ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം സൂഫിയും സുജാതയുമാണ്. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നണ് ഫിയോക്കിന്റെ തീരുമാനം.

Exit mobile version