തൃശ്ശൂര്‍: പ്രളയമഴ കേരളത്തെ ദുരിതത്തിലാഴ്ത്തുമ്പോള്‍, പ്രത്യാശയുടെ നാളങ്ങള്‍ കെട്ടുപോകില്ലെന്ന മലയാളികളുടെ ദൃഢനിശ്ചയം പങ്കുവെക്കുന്ന പെരുമഴപ്പാട്ടുമായി കൊച്ചുഗായിക ആമി. ലോകപ്രശസ്ത പിയാനിസ്റ്റും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സിയുടെ ഫേസ്ബുക്ക് പേജില്‍ ബി ഭാവയാമി പാടിയ പാട്ട് 2020 ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകീട്ട് 6മണിക്ക് മുതല്‍ നമുക്ക് കേള്‍ക്കാം.
സൂര്യകാന്തി സംഗീത നൃത്തസഭയുടെ സ്ഥാപകരായ ബിജീഷ് കൃഷ്ണയുടേയും കലാമണ്ഡലം അക്ഷര ബിജീഷിന്റേയും മകളാണ് ഭാവയാമി. പി സലീംരാജ് എഴുതി അച്ഛന്‍ ബിജീഷ് സംഗീതം നല്‍കിയ പാട്ടാണ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭാവയാമി പാടിയത്. ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത് ശ്യാം-ഗീതു എന്നിവര്‍ ചേര്‍ന്നാണ്. ആല്‍ബം ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് മോഹന്‍ദാസാണ്. സൂര്യകാന്തി മീഡിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ഗാനത്തിന്റെ നിര്‍മ്മാണം.
പൂങ്കുന്നം ഹരീശ്രീ വിദ്യാനിധി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഭാവയാമി. സംഗീതത്തിലും നൃത്തത്തിലും മാതാപിതാക്കളുടെ പാത പിന്തുടരുന്ന ഭാവയാമി ചെറുപ്പം മുതലേ അച്ഛന്‍ ഈണമിട്ട വരികള്‍ മൂളിനടക്കാറുണ്ടായിരുന്നു. ദേശീയ യുവ് ഉത്സവിലും കേരളോത്സവത്തിലും കലാപ്രതിഭയായ ബിജീഷ് പ്രശസ്ത നര്‍ത്തകിമാരുടെ ട്രൂപ്പില്‍ വായ്പ്പാട്ടുകാരനും നാടക ചലച്ചിത്ര സംഗീത സംവിധായകനുമാണ്.
ഒരു മികച്ച തുടക്കം കിട്ടിയതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഈ കലാകുടുംബം. സ്റ്റീഫന്‍ ദേവസ്സിയുടെ പ്രോത്സാഹനം ലഭിക്കുന്നതിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് തന്റെ പാട്ട് ചെന്നെത്തുമെന്ന് ആമി എന്ന കൊച്ചുമിടുക്കി കരുതുന്നു. പെരുമഴയെ അതിജീവിക്കാന്‍ ഒരു ജനതയുടെ ഉള്‍ക്കരുത്താണ് പെരുമഴപ്പാട്ട് വിളംബരം ചെയ്യുന്നത്.
Discussion about this post