സന്താനം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബിസ്കോതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് താരം എത്തുന്നത്. അതിലൊന്ന് ബാഹുബലിയെ അനുകരിച്ചുള്ള രാജ സിംഹന് എന്ന രാജാവിന്റെ വേഷമാണ്. ബാഹുബലിയായി സന്താനം എത്തുമ്പോള്‍ കട്ടപ്പയായി എത്തുന്നത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മൊട്ട രാജേന്ദ്രനാണ്. അഞ്ഞൂറില്‍ പരം നടീനടന്മാരെ ഉള്‍പ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയില്‍ പ്രത്യേകം തയ്യാറാക്കിയ ബ്രഹ്മാണ്ഡ അരമനയുടെ സെറ്റില്‍ വെച്ചാണ് ഈ ഭാഗം ചിത്രീകരിച്ചത്.
മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ആറാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍. ‘ ജയം കൊണ്ടാന്’, ‘കണ്ടേന് കാതലൈ’, ‘ഇവന് തന്തിരന്‍’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആര് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും.
ഒരു ബിസ്കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉള്ളത് കൊണ്ടാണ് ചിത്രത്തിന് ‘ ബിസ്കോത്’ എന്ന് പേരിട്ടിരിക്കുന്നത്. സന്താനത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകാവുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന് ആര് കണ്ണന് പറയുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. താരാ അലിഷാ പെരിയും, മിസ്സ് കര്‍ണാടക സ്വാതി മുപ്പാലയുമാണ് നായികമാര്‍. സൗക്കാര് ജാനകി, ആനന്ദരാജ്, നാന്‍കടവുള്‍ രാജേന്ദ്രന്, ആടുകളം നരേന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post