പ്രേമം എന്ന ഹിറ്റ് ചിത്രത്തില്‍ തിളങ്ങി നിന്ന താരമാണ് നടി അനുപമ പരമേശ്വരന്‍. കഴിഞ്ഞ കുറെ നാളുകളായി താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്.
അനുപമയുടെ വാക്കുകള്‍ ഇങ്ങനെ;
എനിക്ക് ജാഡയുണ്ടെന്നും അഹങ്കാരിയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പ്രേമം സിനിമയുടെ പ്രെമോഷനായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി.
കുറെ അഭിമുഖങ്ങള്‍ നല്‍കി ഞാന്‍ മടുത്തു. ഞാന്‍ തൃശ്ശൂരില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു, അവര്‍ പറഞ്ഞത് പിന്തുടരുകയാണ് ചെയ്തത്. സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് സ്‌ക്രീന്‍ സമയം വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു, ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിച്ചുവെന്ന് അവര്‍ക്ക് തോന്നി.
അഭിമുഖങ്ങള്‍ക്കിടയില്‍ എന്റെ ഉത്തരങ്ങള്‍ മിനുക്കി പറഞ്ഞിരുന്നില്ല, മാത്രമല്ല ട്രോളുകള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.
ഈ സമയത്ത് നെഗറ്റീവ് റോള്‍ ചെയ്യാന്‍ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷനില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പ്രശംസിക്കാന്‍ മാത്രമേ അറിയൂ എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഞാന്‍ അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച് ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അതിനുശേഷം തനിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങള്‍ കൂടി ലഭിച്ചു, തുടര്‍ന്ന് തമിഴ്. അത് പിന്നെ അങ്ങ് തുടര്‍ന്നു.
Discussion about this post