അധികം പേരെ വിളിക്കാതെ നടത്തേണ്ടി വരുമെന്ന് അറിയാമായിരുന്നു, ലോക്ഡൗണില്‍ വിവാഹം വെച്ചതിന് പിന്നില്‍..; മനസ്സുതുറന്ന് മീര അനില്‍, ഏറ്റവും വലിയ സ്വപ്‌നത്തെക്കുറിച്ചും തുറന്നുപറഞ്ഞ് താരം

അവതാരകയായും നടിയായും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനില്‍. അടുത്തിടെയായിരുന്നു മീരയുടെ വിവാഹം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയ്ക്ക് താലി ചാര്‍ത്തിയത്. ലോക്ഡൗണ്‍ കാലത്തെ താരത്തിന്റെ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.

വിവാഹ ശേഷം തന്റെ വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മീര. നഗരത്തിന്റെ ബഹളത്തില്‍ ജീവിച്ച താന്‍ കയറിച്ചെന്നത് തികച്ചും ഗ്രാമാന്തരീക്ഷമുള്ള പ്രദേശത്തേക്കാണ്. ഇവിടെ ഒരു കൂട്ടുകുടുംബമാണ്. ഞാന്‍ ജീവിതം വളരെ ആസ്വദിക്കുകയാണെന്ന് മീര പറയുന്നു.

വിഷ്ണുവിന് ബിസിനസാണ്. ഞങ്ങള്‍ ആദ്യം പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ അനുവാദത്തോടെ അറേന്‍ജ്ഡ് വിവാഹമാക്കുകയായിരുന്നു. ലോക്ഡൗണില്‍ അധികം പേരെ വിളിക്കാതെ നടത്തേണ്ടി വരുമെന്ന് അറിയാമെങ്കിലും ഞങ്ങള്‍ വിവാഹം നീട്ടിവയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നുവെന്ന് മീര ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തേ വിവാഹമായതുകൊണ്ടാകാം തന്റെയും വിഷ്ണുവിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു. നേരിട്ടും സോഷ്യല്‍മീഡിയയിലൂടെയും മറ്റും ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. എല്ലാവര്‍ക്കും നന്ദിയെന്നും മീര കൂട്ടിച്ചേര്‍ത്തു.

ഇനിയും തനിക്ക് ഒരുപാട് സ്വപ്‌നങ്ങള്‍ നിറവേറ്റാനുണ്ടെന്ന് താരം പറഞ്ഞു. സിവില്‍ എന്‍ജിനീയര്‍ ആയതുകൊണ്ട് സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് സ്വപ്നമാണ്. ആര്‍ക്കിടെക്ട് ജി.ശങ്കര്‍ സാര്‍ ഞങ്ങളുടെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ മണ്‍വീടുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ആറ്റുകാല്‍ കുറച്ചു ഭൂമിയുണ്ട്. അവിടെ 800 ചതുരശ്രയടി മാത്രമുള്ള ഒരു മണ്‍വീടിന്റെ പണിപ്പുരയിലാണ്. പ്ലാന്‍ ഒക്കെ വരപ്പിച്ച് പണിതുടങ്ങാനിരുന്നപ്പോഴാണ് കൊറോണയും ലോക്ഡൗണുമെല്ലാം വന്നത്. അതിനിടയ്ക്ക് വിവാഹവും കഴിഞ്ഞു. ഇപ്പോള്‍ ഈ കൊറോണ പ്രശ്‌നങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയാണ്. എല്ലാം ഒത്തുവന്നാല്‍ അടുത്ത വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം ഈ മണ്‍വീടായിരിക്കുമെന്നും മീര വ്യക്തമാക്കി.

Exit mobile version