തൃശ്ശൂര്‍: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും സമകാലീന സാഹചര്യവും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ‘പിഡബ്യുഡി ഒരുക്കിയ വഴിയിലൂടെ മാവേലി നേരത്തെ കേരളത്തിലെത്തി. എന്നാല്‍ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതിരുന്നതിനാല്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്’. എന്നതാണ് ഫോട്ടോഷൂട്ടിന്റെ ആശയം.
ഫോട്ടോഗ്രഫറായ ഗോകുല്‍ ദാസും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. മാവേലിയും ആരോഗ്യപ്രവര്‍ത്തകരുമാണ് ഫോട്ടോയിലെ കഥാപാത്രങ്ങള്‍. ഗോകുലിന്റെ സുഹൃത്ത് സനല്‍ ആണ് മാവേലിയായത്. കൃഷ്ണദാസ്, രതീഷ് എന്നിവര്‍ ആരോഗ്യപ്രവര്‍ത്തകരായി. തൃശൂര്‍ ജില്ലയിലെ അക്കിക്കാവ് തിപ്പിലിശ്ശേരി റോഡിലാണ് ഗോകുല്‍ ഫോട്ടോഷൂട്ട് നടത്തിയത്.
പാതാളത്തിലേക്ക് നീണ്ടു കിടക്കുന്ന റോഡിലെ കുഴികളാണ് പതിവിലും നേരത്തെ എത്താന്‍ മാവേലിയെ സഹായിച്ചത്. കഴിഞ്ഞ തവണ പ്രളയത്തില്‍ മുങ്ങിപ്പോയ ഓണത്തിന്റെ ക്ഷീണം മാറ്റാം ഒപ്പം പെരുന്നാളും കൂടാം എന്നാണ് നേരത്തെ എത്തിയപ്പോള്‍ മാവേലി മന്നന്‍ കരുതിയത്. ശരീരത്തിലെ ചെളിയെല്ലാം തുടച്ചു കളഞ്ഞ് യാത്ര തുടരാം എന്നു കരുതി ഒന്നിരുന്നതാണ്.
‘മാസ്‌ക് എവിടെ’ എന്ന ചോദ്യമാണ് പിന്നെ കേട്ടത്. നാട്ടിലെ സംഭവങ്ങളറിയാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിക്കാതെ എത്തിയ ആളെ പൊക്കിയെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ ആക്കി. ഇനിയെന്തായാലും ക്വാറന്റീന് കഴിഞ്ഞേ നാടു കാണാന്‍ മാവേലിക്ക് ഇറങ്ങാനാകൂ.
”ഞങ്ങളുടെ നാട്ടിലെ റോഡ് ആണത്. റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെട്ടതും വണ്ടികള്‍ അതിലൂടെ ബുദ്ധിമുട്ടി സഞ്ചരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. കുറേ കാലമായി റോഡിന്റെ അവസ്ഥ ഇതാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതായിരുന്നു ഫോട്ടോഷൂട്ടിന്റെ ലക്ഷ്യം”- ഗോകുല്‍ ദാസ് വ്യക്തമാക്കി.
ധനീഷ് കെ.ആര്‍, വിഷ്ണു എം.സി, ആദര്‍ശ്, മുഴമില്‍ മൂസ, രാഹുല്‍ എന്നിവരാണ് ഷൂട്ടിന് സഹായമൊരുക്കിയത്. കോവിഡ് ബോധവത്കരണം ലക്ഷ്യമിട്ട് നടത്തിയ ഹോളിവുഡ് കഥാപാത്രങ്ങളുടെ പുനരാവിഷ്‌കാരവും ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവായി നഴ്‌സിന്റെ രൂപം കൊത്തിയെടുക്കുന്ന ശില്പിയുടെ ഫോട്ടോഷൂട്ടും ഗോകുലിന് മുന്‍പും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്.