‘കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ടുപോകണം, അപ്പോഴാണ് കൂടുതല്‍ കരുത്ത് ലഭിക്കുക.’ നടി അഹാനയ്ക്കെതിരായ സൈബര്‍ ആക്രമണം സൂചിപ്പിച്ചുകൊണ്ട് അച്ഛനും നടനുമായ കൃഷ്ണകുമാര്‍ പറയുന്നു. സ്വന്തം യൂ ട്യൂബ് ചാനലിലെ ‘കെ.കെ. തോട്സി’ലാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം.
എല്ലാം പോസിറ്റീവായി കണ്ടാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. മക്കള്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. എന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോള്‍ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മള് അതിജീവിക്കണമെന്ന് താരം കൂട്ടിച്ചേര്‍ത്തു.
എല്ലാവരുടെ ജീവിതത്തിലും കല്ലേറുണ്ടാകും. എല്ലായിപ്പോഴും റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും വളരെ ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നു.
‘മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച് അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സഹായം ഞാന്‍ തേടാറുണ്ട്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരനെതിരെ പത്രങ്ങളില്‍ മിക്ക ദിവസങ്ങളിലും കാര്‍ട്ടൂണുകളുണ്ടാവും.
അന്ന് ഇതുപോലെ ട്രോളുകളില്ലല്ലോ. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് ഈ പത്രക്കാരെ നിയന്ത്രിച്ചൂകൂടെ എന്നുചോദിച്ചു. അന്ന് അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞത് ഞാനോര്‍ക്കാറുണ്ട്: എന്നെകുറിച്ച് നല്ലതും മോശവും എഴുതും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടാകും. കു മറച്ചുവച്ചാല്‍ അത് പ്രസിദ്ധി ആകും. അത്രയേയുള്ളൂ.’ എന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.