താരസംഘടനായ എഎംഎയില്‍ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടന്‍ വിഷ്ണുപ്രസാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ താരസംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ തന്നോട് കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നാണ് പറഞ്ഞതെന്നും എന്നാല്‍ അതിനു ശേഷം വന്ന നടന്മാര് കുറച്ച് സിനിമകള്‍ ചെയ്ത ശേഷം തന്നെ അംഗത്വം നേടിയെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
നടന്‍ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നും വിഷ്ണു പ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
‘എഎംഎംഎ എന്ന സംഘടനയില്‍ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു. എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയന്‍ സര്‍ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസില്‍ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട്. എംഎംഎംഎ സംഘടനയില്‍ അംഗത്വത്തിനായി ഞാന്‍ അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂവെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനു ശേഷം വന്ന നടന്മാര് കുറച്ച് സിനിമകള്‍ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു. അടുത്തിടെ എന്റെ സഹപ്രവര്‍ത്തകന്‍ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്ന് തോന്നുന്നു. ഞാന്‍ അതിന് ഇരയും സാക്ഷിയുമാണ്’ എന്നാണ് വിഷ്ണു പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post