എആർ റഹ്മാന് പിന്നാലെ ഹിന്ദി സിനിമ ലോകത്തിന് എതിരെ പ്രസ്താവനയുമായി ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി. തന്നെ ഹിന്ദി സിനിമാ ലോകെ അവഗണിക്കുന്നെന്നാണ് റസൂൽ പൂക്കുട്ടിയുടെ ആരോപണം. ഓസ്‌കർ പുരസ്‌കാരത്തിന് ശേഷം ഹിന്ദി സിനിമാ രംഗത്തുനിന്ന് അവസരം കുറഞ്ഞതായി പൂക്കുട്ടി ആരോപിച്ചു. അതേസമയം, തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു എആർ റഹ്മാന്റെ ആരോപണം. ചില സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയതായി തന്നോട് ചിലർ പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിൽ ബെച്ചേരയുടെ സംവിധായകൻ മുകേഷ് ഛബ്ര തന്നോട് ഇക്കാര്യം പറഞ്ഞെന്നും റഹ്മാൻ വെളിപ്പെടുത്തി. സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദിൽ ബെച്ചേരക്ക് സംഗീതം നൽകിയത് എആർ റഹ്മാനാണ്. ഇതിന് പിന്നാലെ റഹ്മാന്റെ പ്രസ്താവനക്ക് മറുപടിയുമായി ശേഖർ കപൂർ രംഗത്തെത്തി. നിങ്ങളുടെ പ്രശ്‌നം നിങ്ങൾ തിരിച്ചറിയണമെന്നും ഓസ്‌കർ നേടുന്നത് ബോളിവുഡിലെ അന്ത്യ ചുംബനമാണെന്നും ശേഖർ കപൂർ പറഞ്ഞു. ബോളിവുഡിനേക്കാൾ കൂടുതൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകുമെന്നാണ് ഓസ്‌കർ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയുമായി റസൂൽ പൂക്കുട്ടി രംഗത്തെത്തി. ബ്രേക്ക്ഡൗണിന് അടുത്തുകൂടെയാണ് ഞാൻ പോകുന്നത്. ഓസ്‌കർ നേട്ടത്തിന് ശേഷം ഹിന്ദിയിലും പ്രാദേശിക സിനിമകളിലും എനിക്ക് അവസരം കുറഞ്ഞു. ചില പ്രൊഡക്ഷൻ ഹൗസുകൾ നിങ്ങളെ വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞു. പക്ഷേ ഞാനെന്റെ ഇൻഡസ്ട്രിയെ സ്‌നേഹിക്കുന്നു’പൂക്കുട്ടി ട്വീറ്റ് ചെയ്തു.
അതേസമയം, ‘നഷ്ടപ്പെട്ട പണവും പ്രതാപവും തിരികെ ലഭിക്കും പക്ഷേ പാഴാക്കുന്ന സമയം തിരികെ ലഭിക്കില്ല. സമാധാനം!. നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്’ റഹ്മാൻ ശേഖർ കപൂറിന് മറുപടി നൽകി.
Discussion about this post