കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം മുടങ്ങിയതോടെ സിനിമയിലെ നിരവധി ദിവസവേതനക്കാരാണ് ദുരിതത്തിലായത്. ഇപ്പോഴിതാ ബോളിവുഡിലെ പിന്നണി നര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക് റോഷന്‍.
ദുരിതത്തിലായ നൂറ് പിന്നണി നര്‍ത്തകരുടെ അക്കൗണ്ടിലേക്കാണ് താരം പണം അയച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പണം ലഭിച്ചെന്നും എല്ലാവരും അദ്ദേഹത്തോട് നന്ദി അറിയിച്ചുവെന്നുമാണ് നര്‍ത്തകരുടെ കോര്‍ഡിനേറ്ററായ രാജ് സുരാനി പറഞ്ഞത്. ഹൃത്വിക് റോഷന്റെ പല ഹിറ്റ് ഗാനങ്ങളിലും ചുവടുവച്ച പിന്നണി നര്‍ത്തകരെയാണ് താരം സഹായിച്ചിരിക്കുന്നത്.
‘ദുരിതം അനുഭവിക്കുന്ന നൂറ് നര്‍ത്തകരെയാണ് ഹൃത്വിക് ഇപ്പോള്‍ സഹായിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. ജോലി ഇല്ലാത്തതിനാല്‍ പലരും വീടിന്റെ വാടക അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനിടയില്‍ ഒരു ഡാന്‍സര്‍ക്ക് കൊവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്. നര്‍ത്തകര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എല്ലാവരും താരത്തിന് നന്ദി അറിയിക്കുകയാണ്’ എന്നാണ് സുരാനി ഒരു ദേശീയ മാധ്യത്തോട് പറഞ്ഞത്.