ബോഡി ഷെയ്മിങ്ങിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് നടി സമീറ റെഡ്ഢി. തന്റെ മെയ്ക്കപ്പ് ഇല്ലാത്ത മുഖം വെളിപ്പെടുത്ത വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിച്ച ഒരു സന്ദേശമാണ് ഇത്തരത്തില്‍ ബോഡി ഷെയ്മിങ്ങിനെതിരെ ഒരു വീഡിയോ ചെയ്യാന്‍ പ്രേരണയായതെതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഒരു കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും ഭംഗിയില്ലെന്നും തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നുവാണ് അവര്‍ പറഞ്ഞത്. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദത്തിലാഴ്ത്തുന്നുവെന്നും അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ സത്യത്തില്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഒരു മെയ്ക്കപ്പ് പോലുമില്ലാതെ ഇങ്ങനെ നിങ്ങളുടെ മുന്നില്‍ വരാന്‍ കാരണം.
മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് നമ്മള് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. പ്രസവത്തിനു ശേഷം എനിക്കും ബേബി ഫാറ്റ് ഉണ്ട്. പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല എന്റേത്. പണ്ട് ഞാനും ഒരുപാട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വര്‍ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് സമീറ റെഡ്ഢി പറഞ്ഞത്.
Discussion about this post