വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും മധുരമായ ശബ്ദം കൊണ്ടും സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ഗായികയാണ് മഞ്ജരി. ഇടക്കിടെ ഫോട്ടോഷൂട്ട് നടത്തിയും താരം ആരാധരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത രീതികളെക്കുറിച്ചും ഫാഷനെക്കുറിച്ചും തുറന്നുപറയുകയാണ് മഞ്ജരി.
പഠിച്ചതെല്ലാം മസ്‌കറ്റിലായിരുന്നു. അച്ഛനും അമ്മയുമായിരുന്നു ചെറുപ്പം മുതല്‍ ഇന്നുവരെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അവരോടാണ് എല്ലാം തുറന്നുപറയാറുള്ളത്. അമ്മ അധികം പുറത്തേക്കൊന്നും പോകാറില്ല. അതുകൊണ്ടുതന്നെ സ്റ്റൈലിനെക്കുറിച്ചും ഫാഷനെക്കുറിച്ചൊന്നും പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും മഞ്ജരി പറയുന്നു.
അച്ഛന്‍ മുടിവെട്ടുന്ന പോലൊക്കെയായിരുന്നു ചെറുപ്പത്തില്‍ മുടിവെട്ടിക്കൊണ്ടിരുന്നത്. പിന്നീട് ഉപരിപഠനത്തിനായി നാട്ടിലേക്ക് വന്നു. കോളേജില്‍ സല്‍വാര്‍ നിര്‍ബന്ധമായിരുന്നു. തനിക്കാണെങ്കില്‍ പൂവാലന്മാരെയും സീനിയേഴ്‌സിനെയുമെല്ലാം പേടിയായിരുന്നു എന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് ഒട്ടും മോഡേണായിരുന്നില്ല. ഷാളൊക്കെ മൂടി പുതച്ചായിരുന്നു നടന്നിരുന്നത്. മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. എന്നാല്‍ തുടര്‍പഠനത്തിനായി മുംബൈയിലേക്ക് പോയത് ജീവിതത്തെ മാറ്റിമറിച്ചു. ചിന്താഗതിയില്‍ ഒരുപാട് മാറ്റം വന്നു. അവിടെയുള്ളവരുടെ ഡ്രസിങ് സ്റ്റൈലൊക്കെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
മുംബൈയില്‍ നിന്ന് തിരിച്ചുവന്നപ്പോഴേക്കും ഞാന്‍ ശരിക്കും മാറിയിരുന്നു. മാറ്റങ്ങളെ ഞാന്‍ വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പുതിയ പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. അതിലൊക്കെ സന്തോഷം കണ്ടെത്താന്‍ തുടങ്ങി. ഇപ്പോള്‍ താന്‍ വളരെ മോഡേണാണെന്നും മഞ്ജരി പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി സിനിമാലോകത്തേക്ക് എത്തിയത്. അതിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം മഞ്ജരിയെ ശ്രദ്ധേയയാക്കി. പിന്നീട് നിരവധി സിനിമകളില്‍ മഞ്ജരി ഗാനം ആലപിച്ചു.
Discussion about this post