ചെറുപ്പം മുതലേ നിറത്തിന്റെ പേരില്‍ ഒരുപാട് ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഗായിക സയനോര ഫിലിപ്പ്. താന്‍ കറുത്തതുകൊണ്ടായിരിക്കും ധാരാളം റിയാലിറ്റി ഷോകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നും സയനോര പറയുന്നു.
സിനിമ പ്രാന്തന് എന്ന യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയനോരയുടെ തുറന്ന് പറച്ചില്. നിറത്തിന്റെ പേരില്‍ പല തവണ പല പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. സ്കൂളിലെ ഡാന്‍സ് ടീമില്‍ നിന്നുപോലും ഒഴിവാക്കിയതായി സയനോര വ്യക്തമാക്കി.
കറുത്തവരെ പരിഹസിച്ചുകൊണ്ടുള്ള കുറേ പരിപാടികള്‍ കണ്ടിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ താനടക്കമുള്ളവര്‍ ഇത്തരം തമാശകള്‍ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ട്ടിച്ചിട്ടുള്ളതെന്നും ഇത് ഒരുപാട് പേരെ ബാധിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
‘വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ എന്നെ കാണാറില്ല ,രശ്മി സതീശിനെ കാണാറില്ല, പുഷ്പവതിയെ കാണാറില്ല. അത് എന്തുകൊണ്ടാണ്? കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്രനല്ല പാട്ടുകാരാണ്, അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല’ എന്നും സയനോര പറയുന്നു.
ഇത്തരം കാഴ്ചപ്പാടുകള്‍ മാറേണ്ടത് അനിവാര്യമാണ്. ആദ്യമാദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കരുതിയതെന്നും എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ തന്റെയീ ചിന്തകള്‍ മാറുകയായിരുന്നു എന്നും അവര്‍ വ്യക്തമാക്കി.
Discussion about this post