ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ശകുന്തളാദേവി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തളാദേവിയായി എത്തുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഏഴാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍
ശകുന്തളാ ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ജിഷു സെന്‍ ഗുപത്, സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജൂലൈ 31 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തളാദേവി ആദ്യം കൈയ്യടി നേടുന്നത്. പിന്നീട് എട്ടാമത്തെ വയസില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാ ദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം കണ്ടെത്തിയത്.
201 അക്ക സംഖ്യയുടെ 23-ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെയാണ് കണ്ടെത്തിയത്. 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇംബീരിയല്‍ കോളേജിലും ശകുന്തളാ ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ടാണ് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരം ശകുന്തളാ ദേവി നല്‍കിയത്. ഇത് ഗിന്നസ് ബുക്കില്‍ ഇടംനേടിയ പ്രകടനം കൂടിയായിരുന്നു.