ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ടെന്നറിയാം, ഇനി ഇങ്ങനൊരു തെറ്റ് സംഭവിക്കില്ല; കാളിയായി ഫോട്ടോഷൂട്ട് നടത്തിയതില്‍ ക്ഷമ ചോദിച്ച് അനാര്‍ക്കലി മരക്കാര്‍

കൊച്ചി: സിനിമയില്‍ കറുത്ത സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോലും വെളുത്ത സ്ത്രീകളെ മാത്രം പരിഗണിക്കുന്നതിനെതിരെയും കറുത്ത നിറമുള്ളവരെ മാറ്റിനിര്‍ത്തുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് കാളി ഫോട്ടോ ഷൂട്ട് നടത്തി നടി അനാര്‍ക്കലി മരക്കാര്‍ രംഗത്തെത്തിയത്.

ഇത് വലിയ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയത്. വിവാദ ഫോട്ടോഷൂട്ടില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അനാര്‍ക്കലി. കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്ന് മനസ്സിലാക്കുന്നുവെന്ന് അനാര്‍ക്കലി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും അംഗീകരിക്കുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ട് തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അനാര്‍ക്കലി വ്യക്തമാക്കി.

കാളിയായിരുന്നില്ല ഫോട്ടോ ഷൂട്ടിന് ആദ്യം പറഞ്ഞിരുന്ന തീം. അത് മറ്റൊന്ന് ആയിരുന്നു. എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയി. ശേഷം തീം മാറ്റി കാളി എന്നാക്കി അറിയിക്കുകയായിരുന്നുവെന്നും പറ്റില്ല എന്ന് പറയാനായില്ല എന്നതാണ് തന്റെ പിഴവെന്നും അനാര്‍ക്കലി പറഞ്ഞു.

അതിന്റെ രാഷ്ട്രീയ ശരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം എന്ന് മാത്രമേ അലോചിച്ചുള്ളു. അതൊരു ന്യായമായിട്ട് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം. പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ലെന്ന് അനാര്‍ക്കലി വ്യക്തമാക്കി.

തന്റെ പിഴവ് മനസ്സിലാക്കുന്നുവെന്നും ഫോട്ടോ ഷെയര്‍ ചെയ്യുകയോ പ്രമോട്ട് ചെയ്യുകയോ ഇല്ലെന്ന് ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു. കാളി എന്ന പേരില്‍ ഫോട്ടോ ഷൂട്ട് ഒരുക്കിയത് ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ്. രണ്‍ജി പണിക്കറും അജു വര്‍ഗീയുമാണ് ഫോട്ടോഷൂട്ട് വീഡിയോ റിലീസ് ചെയ്തത്.

Exit mobile version