കൊച്ചി: സംവിധായകന് ശാന്തിവിള ദിനേശിന് ചുട്ടമറുപടിയുമായി നടന് ഷമ്മി തിലകന് രംഗത്ത്. നടന് തിലകന് മക്കള്‍ സ്വസ്ഥത നല്‍കിയിരുന്നില്ലെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തിന് വിവരദോഷിയായ ഒരു ചൊറിയന്‍ തവള വിശാലമായ സമൂഹത്തില്‍ അശാന്തി വിളയിച്ച് സ്വയം പരിഹാസ്യനാവുകയാണെന്നായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷമ്മി തിലകന് ശാന്തിവിള ദിനേശിന് മറുപടി നല്‍കിയത്. തിലകനെ കൂടുതല്‍ വിഷമിപ്പിച്ചത് അദ്ദേഹത്തിന് ഏറ്റവും വാത്സല്യമുണ്ടായിരുന്ന ഷമ്മിയാണെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.
‘സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം, നമ്മളെ വേണ്ട. അച്ഛന് അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല’- അവസാന നാളുകളില്‍ കാണാന്‍ ചെന്ന തന്നോട് തിലകന് ഇങ്ങനെ പറഞ്ഞിരുന്നതായും ശാന്തിവിള ദിനേശ് പറയുകയുണ്ടായി.
ഇതിന് പിന്നാലെയാണ് ഷമ്മിയുടെ പ്രതികരണം. ‘മരിച്ചവര്‍ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാല്‍ ഏത് അപഖ്യാതിയും ആര്‍ക്കും പറയാം. എന്നാല്‍ ആ പറച്ചിലുകള്‍ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കില് ആണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. വെറും നക്കാപ്പിച്ചക്ക് വേണ്ടി ഒത്തിരി ജീവനുകളാണിയാള്‍ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു മനുഷ്യജന്മത്തിന്റെ ഏറ്റവും ശോചനീയമായ നീചമായ, അവസ്ഥയാണിത്. ‘- എന്നാണ് ഷമ്മിയുടെ മറുപടി.
Discussion about this post