സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യൂസിസിയില്‍ നിന്ന് രാജി വെച്ചതിന്റെ കാരണം വിശദമാക്കിയതിന് പിന്നാലെ സംഘടനയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ കനക്കുകയാണ്. വിധു വിന്‍സെന്റിന് പിന്നാലെ കോസ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറും സംഘടനയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്റ്റെഫിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സ്‌റ്റെഫിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.
ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവര്‍ത്തകയോട് ഇങ്ങനെ ആണോ ചെയുന്നത്, ഇതാണോ വനിതാസ്‌നേഹം എന്നാണ് ഷിബു ഫേസ്ബുക്കില്‍ കുറിച്ചത്. പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫിക്ക് ആ നായിക മൂത്തസംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോള്‍ ഡബ്‌ള്യൂസിസിയില്‍ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും. അത് ശരി അല്ല. പേര് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം. അവസരം തന്നത് ഇവിടെ ഉള്ള നിര്‍മ്മാതാക്കളും സംവിധായകരും ആണ് അത് കൊണ്ട് പേര് പറയാന്‍ മടി കാണിക്കേണ്ട കാര്യം ഇല്ല .
ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവര്‍ത്തകയോട് ഇങ്ങനെ ആണോ ചെയുന്നത് .ഇത് ആണോ വനിതാസ്‌നേഹം .ഇതിനുള്ള ‘ഒരിടം ‘ആണോ ഡബ്‌ള്യൂസിസി. ഡയലോഗ് പറഞ്ഞിട്ടോ, ബാനര്‍ പൊക്കി പിടിച്ചു ഡാന്‍സ് കളിച്ചിട്ടോ കാര്യം ഇല്ല .കൂടെ നിര്‍ത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല . സ്റ്റെഫിയെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏല്‍പ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു .
എന്നാല്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വര്‍ക്ക് ചെയ്യാന്‍ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക. അത് വളരെ മോശമായി പോയി. (നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട്‌ചെയ്യാന്‍ വിളിച്ചാല്‍ നിങ്ങള്‍ പ്രതികരിക്കില്ലെ ) ഇക്കാര്യങ്ങളില്‍ സ്റ്റെഫി പ്രതികരിച്ചപ്പോള്‍
‘സ്റ്റെഫിജനിക്കുമ്പോള്‍ സിനിമയില്‍ വന്ന ആളാണ് ഞാന്‍ ‘എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത് .ഇതൊക്കെ ഡബ്‌ള്യൂസിസിയിലെ ഒരംഗം പറയുന്നത് #ശരിആണോ ? സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ ഡബ്‌ള്യൂസിസി യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നത്. സ്റ്റെഫിയോട് ഡബ്‌ള്യൂസിസിയിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത്‌നടപടി ആണ് വനിത സംഘടന എടുത്തത് ?
ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാന്‍ ഡബ്‌ള്യൂസിസി എന്ന സംഘടന തയാറാകുമോ? പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാന്‍ സാധിക്കുന്നത്. സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവില്‍ കേരളസ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ വ്യക്തി ആണ്. 2015 ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതില്‍ ഫെഫ്ക യൂണിയന് അഭിമാനിക്കാം.
Discussion about this post