ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
അനുഭവവും അനുഭൂതിയും നിറഞ്ഞ ദിവ്യമായൊരു പ്രണയം കവിതപോലെ ദ്യശ്യവല്‍ക്കരിച്ചിരിക്കുകയാണ് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും സിനിമയില്‍. പ്രണയത്തെ ഇത്രമേല്‍ മിസ്റ്റിക് തലത്തില്‍ ദൃശ്യവല്‍ക്കരിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. ഏറെ നിരൂപക പ്രശംസ നേടിയ ആദ്യ സിനിമ ‘കരി’ക്കുശേഷം കൂടുതല്‍ സിനിമാറ്റിക് തലത്തില്‍ കഥ പറയുകയാണ് ഈ ചിത്രത്തില്‍. അതുകൊണ്ടുതന്നെ പ്രേക്ഷകന് വേഗത്തില്‍ സിനിമയോടൊപ്പം സഞ്ചരിക്കാനാകും.
പ്രമേയം:
സൂഫി എന്ന് പേരുള്ള യുവാവ് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം കര്‍ണാടകയോട് ചേര്‍ന്ന ഗ്രാമത്തിലെ ജിന്ന് പള്ളിയിലെത്തുന്നു.തന്റെ സൂഫിഗുരുവിന്റെ ഖബറിടം അവിടെയുണ്ട്.അന്ന് സുബ്ഹ് നമസ്‌കാരത്തിന് സൂഫി ബാങ്ക് വിളിക്കുന്നു. മനോഹരമായ ബാങ്ക് ! ഏറെ കാലത്തിന് ശേഷം നാട്ടുകാര്‍ ഒരിക്കല്‍കൂടി ആ ബാക് കേള്‍ക്കുകയാണ്. അന്ന് പള്ളിയില്‍ പതിവിലും കൂടുതല്‍ ആളുകള്‍ പ്രാര്‍ത്ഥനക്കെത്തുന്നു. നമസ്‌കാരത്തിനിടയില്‍ യുവാവ് സുജൂദില്‍ കിടന്ന് മരിക്കുന്നു.
സൂഫിയായ യുവാവിന് അന്നാട്ടിലെ സംസാരശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു.
ദിക്‌റ് ചൊല്ലി ആനന്ദ നൃത്തത്തിലലിയുന്ന സൂഫി, കഥക്ക് നര്‍ത്തകിയായ സുജാതയ്ക്ക് അദ്ഭുതമായിരുന്നു. അവള്‍ കണ്ണുകള്‍കൊണ്ട് സംസാരിച്ചു, ഹൃദയം കൊണ്ട് പ്രണയം പറഞ്ഞു. അവള്‍പോലുമറിയാതെ അവള്‍ അവനിലെ സൂഫി ഹൃദയത്തെ തൊട്ടറിഞ്ഞു. അവന്റെ ജബമാല അവള്‍ കൈകളിലും കഴുത്തിലുമണിഞ്ഞു.
എം ജയചന്ദ്രന്റെ സംഗീതമാണ് സിനിമയുടെ ഫീല്‍ ഇരട്ടിക്കുന്നത്. സിനിമയ്ക്ക് അനുയോജ്യമായി അതീവഹൃദ്യമായ വരികളാണ് ബികെ ഹരിനാരായണനും മനോജ് യാദവും എഴുതിയിരിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും മനോഹരമായ പ്രണയമാണ് സിനിമയുടെ നട്ടെല്ല്. മിസ്റ്റിക് കാഴ്ചപ്പാടിലാണ് സിനിമയുടെ സഞ്ചാരം.
സൂഫി നൃത്തവും മിസ്റ്റിക് പശ്ചാത്തലവും സിനിമയെ കുടുതല്‍ മനോഹരമാക്കുന്നുണ്ട്. ബസറയില്‍ പണ്ട് ജീവിച്ചിരുന്ന യഥാര്‍ത്ഥ സൂഫിയുടെ പ്രണയകഥ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. പള്ളിക്കാടും മീസാന്‍ കല്ലും, മൈലാഞ്ചിച്ചെടിയും ഓത്തുപള്ളിയും പ്രമേയമായ സിനിമയില്‍ സുവിധായകന്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം നാട്ടിലെ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രവും താന്‍ പഠിച്ച പ്രതിഭ കോളേജും മറക്കാതെ ചേര്‍ത്തുവെക്കുന്നുണ്ട്.
നവാഗതനായ ദേവ് മോഹനാണ് സൂഫിയായി വേഷമിട്ടത്.. മമ്മൂട്ടിയുടെ നായികയായിരുന്ന അദിതി റാവു ഹൈദരിയാണ് സുജാതയായി എത്തിയത്. അനു മുത്തേടത്തിന്റെ ക്യാമറയും ദീപു ജോസഫിന്റെ എഡിറ്റിങ്ങും വിഷ്വലുകള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നുണ്ട്.ജയസൂര്യ, സിദ്ദിഖ്, കലാരഞ്ജിനി, വത്സലാമേനോന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയ നിരവധി താരങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
Discussion about this post