നിര്‍മ്മാതാക്കളെല്ലാം കൈയ്യൊഴിഞ്ഞു, വിനായകനുമായി ബന്ധപ്പെട്ട പ്രശ്‌നം ബാധിച്ചു, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ‘കരിന്തണ്ടന്‍’ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായിക ലീല സന്തോഷ്

വിനായകനെ നായകനാക്കി ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്റെ ആദ്യ മലയാള ചലച്ചിത്രം ‘കരിന്തണ്ടന്‍’ പ്രഖ്യാപിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു. എന്നാല്‍ സിനിമ പ്രതീക്ഷ പോലെ ജനങ്ങളിലേക്കെത്തിക്കാന്‍ ലീലയ്ക്ക് കഴിഞ്ഞില്ല.

സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന പോസ്റ്ററുകള്‍ക്കും മറ്റും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും കരിന്തണ്ടന്‍ ജനങ്ങളിലേക്കെത്താന്‍ വൈകി. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കവും അനുബന്ധ പ്രതികൂലസാഹചര്യങ്ങളുമായിരുന്നു കരിന്തണ്ടന്‍ വൈകുന്നതിലേക്ക് നയിച്ച ഒന്നാമത്തെ കാരണമെന്ന് ലീല സന്തോഷ് പറയുന്നു.

ഒന്നിപ്പ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ലീല സന്തോഷ് തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്. വയനാടിന്റെയും കൂടെ താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്റെ ജീവിതം പറയുന്നതാണ് കരിന്തണ്ടന്‍ സിനിമ.

രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് എന്ന പ്രൊഡക്ഷന്‍ ടീമിന്റെ ബാനറിലാണ് ഇത് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. പിന്നീട് സാങ്കേതികമായി ഈ സിനിമ ചെയ്യുന്നതിന് ബിഗ്ബഡ്ജറ്റ് തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവ് പ്രൊഡക്ഷന്‍ കമ്പനി മാറുന്നതിന് കാരണമായി.

പിന്നീട് പലരെയും സമീപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ബഡ്ജറ്റ് ഏറ്റെടുക്കാവുന്നവര്‍ ഉണ്ടാവാത്തതിനാലും ഒരു ലോബഡ്ജറ്റില്‍ ചെയ്തുതീര്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലും ചിത്രം നീണ്ടുപോവുകയായിരുന്നുവെന്ന് ലീല സന്തോഷ് പറഞ്ഞു. ഇത് കൂടാതെ നടന്‍ വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സിനിമ വൈകാന്‍ കാരണമായതായി ലീല കൂട്ടിച്ചേര്‍ത്തു.

സിനിമ പ്രഖ്യാപിച്ച സമയത്ത് നടന്‍ വിനായകനെ ചുറ്റിപ്പറ്റി ഒരു വിവാദം ഉണ്ടായിരുന്നു. വിനായനെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ ശരിക്കും തന്റെ മനസ്സനുവദിച്ചില്ല. കാരണം മറ്റൊന്നുമല്ല, അദ്ദേഹം പലപ്പോഴും സിനിമകളില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഞാന്‍ ഉദ്ദേശിക്കുന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ ഏറ്റവും അനുയോജ്യന്‍ വിനായകന്‍ എന്ന നടന്‍ തന്നെയാണെന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളൊന്നും ശ്രദ്ധിച്ചില്ല. അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ തോന്നിയില്ലെന്നും ലീല വ്യക്തമാക്കുന്നു.

എന്തൊക്കെയായിരുന്നാലും ഈ സിനിമ എന്റെ സ്വപ്നമാണ്. എന്റെ ജീവിതം കൂടിയാണ്. അതെന്തായാലും മുന്നോട്ടുകൊണ്ടുപോകണം എന്നു തന്നെയാണ് ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നത്, എന്നാല്‍ വിനായകനെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനായകനെ വെച്ചുകൊണ്ടുതന്നെ സിനിമ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹമെന്നും ലീല പറയുന്നു.

‘സമൂഹത്തില്‍ നമ്മള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്, നമ്മളെ വച്ച് മുതലെടുപ്പ് നടത്തണമെന്ന് വിചാരിക്കുന്നവരുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് മുന്നോട്ടുപോകുന്നത്. നമ്മളെ സപ്പോര്‍ട്ടു ചെയ്യുന്നവര്‍ സിനിമയിലുണ്ട് എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അതില്ലാതെ വന്നപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്.” ലീല കൂട്ടിച്ചേര്‍ത്തു.

Exit mobile version