കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്ന് കാണിച്ച് സംവിധായകന്‍ ജിനു അബ്രാഹം നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രീകരണവും, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണവും നിര്‍ത്താന്‍ കോടതി ഉത്തരവിട്ടു.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കാനിരുന്ന സുരേഷ്ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിനാണ് കോടതി വിലക്ക്. ഹര്‍ജിക്കാരനായ ജിനു എബ്രാഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
ഇപ്പോഴിതാ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതി കയറാനുണ്ടായ സാഹചര്യം വിശദമാക്കുകയാണ് സംവിധായകന്‍ ജിനു എബ്രഹാം. ‘2019 ഒക്ടോബര്‍ 16ന് പൃഥ്വിരാജിന്റെ ജന്മദിനത്തിനാണ് ‘കടുവ’ എന്ന ചിത്രം ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നുവെന്നും അതിലെ കഥാപാത്രത്തിന്റെ പേരാണ് ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്നതെന്നും ജിനു പറയുന്നു.
അന്ന് കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്തു വന്ന ‘കടുവാക്കുന്നേല്‍ കറുവാച്ചന്‍’ എന്ന സുരേഷ് ഗോപി നായകനായെത്തുന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്റുമെല്ലാം ഞങ്ങള്‍ തീരുമാനിച്ച സിനിമയുടേത് പോലെ തന്നെ. ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുള്ള സാമ്യം തോന്നി. ബിഗ്ബജറ്റ് ചിത്രമായി ഷൂട്ട് തുടങ്ങേണ്ട സിനിമയായിരുന്നു കടുവ.’
കോവിഡ് കാരണമാണ് ഷൂട്ട് നീണ്ടു പോയത്. സംഭവത്തിന്റെ ആധികാരികത ഉറപ്പു വരുത്തണം. ആരോടും വാശി കാണിക്കാനോ ഒന്നുമല്ല. അതുകൊണ്ട് ഞങ്ങള്‍ കോടതിയെ സമീപിച്ചു. സിനിമ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്യുമെന്റുകളും കോടതിക്ക് കൈമാറി.
കോടതിക്ക് ഞങ്ങളുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മനസ്സിലായി. സിനിമ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാന്‍ അവസരമുണ്ടാകും. അത് കേട്ട കോടതി തീരുമാനം എടുക്കട്ടെ’. എന്ന് ജിനു വ്യക്തമാക്കുന്നു.