ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടവുമായി ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുക്കിയ ‘സൂഫിയും സുജാതയും’. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ജയസൂര്യ നായകനായി എത്തിയ ചിത്രത്തില്‍ അതിഥി റാവുവാണ് നായിക. ഇരുന്നൂറിലധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് ചിത്രം റിലീസ് ചെയ്തത്.
അതേസമയം ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പും ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീയ്യേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്ന സാഹചര്യം തീയ്യേറ്റര്‍ ഉടമകള്‍ മനസിലാക്കുമെന്ന് കരുതുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് സൂഫിയും സുജാതയും.