തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാജ പ്രചാരണങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. പലരും ഗായികയ്ക്കു പ്രണാമം അര്‍പ്പിച്ചു ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകപോലും ചെയ്തു.
ഇതിന് പിന്നാലെ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് ജാനകിയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബം അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ജാനകി മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, പ്രചരിച്ച വ്യാജവാര്‍ത്തകള്‍ക്കെതിരെ രോഷത്തോടെ പ്രതികരിച്ച് ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യവും രംഗത്തെത്തി.
എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ച് ഇരുപതിലേറെ ഫോണ്‍ കോളുകളാണു തനിക്കു ലഭിച്ചതെന്നും ഇത് എന്ത് അസംബന്ധമാണെന്നും ഗായകന്‍ രോഷത്തോടെ ചോദിച്ചു. സമൂഹമാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രോഷത്തോടെയും സങ്കടത്തോടെയുമാണ് എസ്.പി.ബാലസുബ്രഹ്മണ്യം സംസാരിച്ചത്.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍:
‘ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചുകൊണ്ട് ഇന്നു രാവിലെ മുതല്‍ ഇരുപതിലേറെ ഫോണ്‍ കോളുകളാണ് എനിക്കു ലഭിച്ചത്. ജാനകിയമ്മ മരിച്ചു എന്ന രീതിയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാന്‍ അമ്മയെ വിളിച്ചു സംസാരിച്ചു. അവര്‍ ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കുന്നു. എന്തുകൊണ്ടാണ് ചില ആളുകള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്? ദയവായി സമൂഹമാധ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കൂ. ഇത്തരം വ്യാജവാര്‍ത്തകള്‍ അവരെ സ്‌നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കും സഹിക്കാനാവില്ല. ഇതു പ്രചരിപ്പിച്ചവരോട് ഇത്തരം പ്രവണതകള്‍ ഒഴിവാക്കൂ എന്നു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’.
Discussion about this post