തിരുവനന്തപുരം: സിനിമാമേഖലയിൽ വിവേചനവും ഒതുക്കാൻ ശ്രമിക്കുന്ന ഗൂഢസംഘവുമുണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിനെ ഒടുവിൽ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ നീരജ് മാധവ് സിനിമയിലെ വിവേചനത്തെ കുറിച്ച് തുറന്നടിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട താര സംഘടനയായ അമ്മയ്ക്ക് നീരജ് കത്തിലൂടെ മറുപടിയും നൽകി. പറഞ്ഞതിലുറച്ചു നിൽക്കുന്നുവെന്നും ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭത്തിന്റെ വെളിച്ചത്തിലാണെന്നും നീരജ് മാധവ് കത്തിൽ വിശദീകരിച്ചു.
അതേസമയം, നീരജ് മാധവിന്റെ വിശദീകരണക്കത്ത് താരസംഘടനയായ അമ്മ ഫെഫ്കയ്ക്ക് കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് നീരജിനെ പിന്തുണച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷണൻ രംഗത്തെത്തിയത്. നീരജ് മാധവിന്റെ കത്തിലെ ആരോപണങ്ങൾ വിശദമായി പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുഴുവൻ സിനിമ സംഘടനകളും ഈ വിഷയം ചർച്ച ചെയ്യണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നേരത്തെ നീരജിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ആരാണ് ഗൂഢസംഘമെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു ബി ഉണ്ണികൃഷ്ണൻ.
സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ടെന്ന് ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും നോക്കീം കണ്ടും നിന്നാൽ കൊള്ളാമെന്നുമായിരുന്നു മറുപടിയെന്നും നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വളർന്നു വരുന്ന ഒരാളെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ സിനിമാമേഖലയിലുണ്ടെന്നും താരം പറഞ്ഞു. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് ചർച്ചയായ സിനിമാ ഇൻഡസ്ട്രിയിലെ വിവേചനത്തെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും തന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു താരം.
Discussion about this post