ഇന്ന് 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന ആക്ഷന്‍ കിങ് സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാവലി’ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറില്‍ എത്തുന്നത്. തമ്പാന്‍ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്.
നിതിന്‍ രണ്‍ജി പണിക്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അതേസമയം സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി എത്തുന്ന താരത്തിന്റെ 250-ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാള്‍ സമ്മാനമായി അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയ രംഗത്ത് എത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള താരം അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
Discussion about this post