ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ കലാകാരന്‍, പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ വിടപറഞ്ഞിട്ട് 11 വര്‍ഷം

ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം പിന്നിടുകയാണ്. സംഗീതലോകത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മൈക്കിള്‍ ജാക്‌സനു മുമ്പും പിമ്പും ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.

തന്റെ നിറമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞ് മൈക്കിള്‍ ജാക്സണ്‍ ഒരു അഭിമുഖത്തിനിടെ കരഞ്ഞിട്ടുണ്ട്. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ ഈ വൃത്തികെട്ട മുഖം കാണാന്‍ ,കണ്ണാടിയില്‍ നോക്കാന്‍ നിനക്ക് നാണമില്ലേ? എന്ന് പിതാവ് പറഞ്ഞിരുന്നതായും മൈക്കിള്‍ ജാക്‌സണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് നടന്നതെല്ലാം തികച്ചും അത്ഭുതം തന്നെയായിരുന്നു. മൈക്കിള്‍ ജാക്‌സന്റെ മുഖം ഒരു നോക്ക് കാണാന്‍ പാട്ടൊന്നു കേള്‍ക്കാന്‍ ലോകം ആകാംഷയോടെ കാത്തിരുന്നു. അഞ്ചു സഹോദരരുടെ പോപ്പ് സംഘമായ ജാക്സന്‍സ് ഫൈവ് മോടൊണ്‍ എന്ന പ്രശസ്ത റെക്കോര്‍ഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോള്‍ പ്രധാനഗായകനായ മൈക്കല്‍ ജാക്സനു പ്രായം 9 വയസ്.

ജാക്സന്‍ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങള്‍ മൈക്കല്‍ ജാക്സന്റെതായി മാറി. അപ്പോഴേക്കും ഈണങ്ങളില്‍ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്‌സന്‍. 1969ല്‍ അമേരിക്കയില്‍ ഇറങ്ങിയ മികച്ച പത്ത് പോപ് ഗാനങ്ങളില്‍ നാലും മൈക്കലിന്റേതായിരുന്നു.

സംഗീതലോകത്തിലാദ്യമായി, ഒരു പതിനൊന്നുകാരന്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടം. പില്‍ക്കാലത്ത് ‘ആര്‍ട്ടിസ്റ്റ് ഓഫ് ദ് മിലേനിയം’ വരെ നേടാനിരിക്കുന്ന ഒരാള്‍ക്കു കിട്ടിയ ആദ്യ പുരസ്‌കാരം. മൈക്കിള്‍ ജാക്‌സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിര്‍ത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.

മൈക്കിള്‍ ജാക്‌സന്റെ സംഗീതവും നൃത്തവും ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ലഹരിയായി മാറി. എന്നാല്‍ ആരാധകരെ ഒന്നടങ്കം കണ്ണീര്‍ക്കടലിലേക്ക് തള്ളി വീഴ്ത്തി ആ മാന്ത്രികന്‍ 2009 ജൂണ്‍ 25 ന് ലോകത്ത് നിന്നും വിടവാങ്ങി. പക്ഷേ തന്റെ സംഗീതത്തിലൂടെ ഇന്നും ആരാധകരെ വാരിക്കൂട്ടുന്നു.

Exit mobile version