ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണ ശേഷം ബോളിവുഡ് സിനിമാലോകം അദ്ദേഹത്തോട് കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന ഈ നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
‘കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണ്. സുശാന്തിന്റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തില്‍ നിന്ന് ആളുകള്‍ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യല്‍ മീഡിയയില്‍ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നത്’ എന്നാണ് സെയ്ഫ് അലിഖാന്‍ പറഞ്ഞത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദീര്‍ഘമായ കുറിപ്പുകള്‍ ഇടുന്നത് ഫാന്‍സിനെ ലക്ഷ്യം വെച്ചുള്ളതാണ്. ഇവരൊന്നും തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ ഈ സ്‌നേഹവും കരുതലുമൊന്നും കാണിക്കുകയില്ല. ട്വിറ്ററില്‍ പത്ത് വാക്ക് എഴുതിയിടുകയും എന്നാല്‍ നേരില്‍ കാണുമ്പോള്‍ ഒന്ന് ഹസ്തദാനം ചെയ്യുകപോലും ചെയ്യാതെ കടന്നുപോവുകയും ചെയ്യുന്ന കാലമാണിതെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സിനിമാ ലോകത്ത് നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന് ഇതിനോടകം പലരും പരസ്യമായി പറഞ്ഞിരുന്നു. സുശാന്തിനെ വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അവനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുവെന്നും ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോള്‍ മനസിലായെന്നുമാണ് നടന്‍ നിഖില്‍ ദ്വിവേദി പറഞ്ഞത്. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവര്‍ക്കും അറിമായിരുന്നുവെന്നും ബോളിവുഡിലെ ഒരു സഹപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം നിന്നിരുന്നില്ലെന്നുമാണ് സഹപ്രവര്‍ത്തകയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്തത്.