മരണവാര്‍ത്ത കേട്ടവര്‍ക്കെല്ലാം ഇപ്പോഴും ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അകാല വിയോഗം വിശ്വസിക്കാനാവുന്നില്ല. ഒരു സിനിമ നടന്‍ എന്നതില്‍ ഉപരി നല്ല ഒരു മനുഷ്യനെയാണ് നഷ്ടപ്പെട്ടത്. ഉറ്റവരും സിനിമാലോകവും ആരാധകരും ഇപ്പോഴും മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല.
കായിക മേഖലയിലുള്ളവരോടും സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കായിക മേഖലയില്‍ നിന്നും നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയത്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മനസുതൊടുന്നൊരു കുറിപ്പാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.
ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ;
‘എന്തുകൊണ്ടാണ് അവന്‍ ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞില്ല?
അവന്‍ പറഞ്ഞിരുന്നു, മാനസികാരോഗ്യ വിദഗ്ധനെ കണ്ടപ്പോള്‍, ചുറ്റിയടിക്കുന്നത് നിര്‍ത്തിയപ്പോള്‍, വിശപ്പെന്ന തോന്നലേ ഇല്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളികകളെ ആശ്രയിച്ചപ്പോള്‍, എപ്പോഴും കരഞ്ഞപ്പോള്‍… അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം.
വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാനാകും. ഇത്തരം അവസ്ഥയിലൂടെ പോകുന്നവനെ വിഷാദ രോഗത്തിന്റെ ഇരകളെന്നല്ല കരുതേണ്ടത്. ഇനിയും സന്തോഷമുണ്ടാവുമെന്ന തോന്നല്‍ പോലും അവനില്ലാതാകുന്നു. അവന് ജീവിതത്തിലുള്ള പ്രതീക്ഷയേ ഇല്ലാതാകും. പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ ഉണ്ടാകില്ല. ഉള്ളില്‍ അവന്‍ മരിക്കുകയാണ്.
ഉറക്കമാണ് കൂടുതല്‍ നല്ലത്, അതുകൊണ്ട് ഉണരാനിഷ്ടപ്പെടുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു വിഷമിപ്പിക്കുന്ന കാര്യമാണ്. അല്ലാതെ, അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണമല്ല.
നിങ്ങളുടെ അടുത്തുള്ളവരെ ശ്രദ്ധിക്കൂ! പലരും നിങ്ങളറിയാത്തൊരു യുദ്ധം ഉള്ളില്‍ നയിക്കുന്നുണ്ടാവാം. ദയ കാണിക്കൂ! സഹാനുഭൂതിയുള്ളവരാകൂ’
— Sreesanth (@sreesanth36) June 15, 2020
Discussion about this post