മലയാള സിനിമയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ നിർമ്മാണ ചെലവ് കുറച്ചേ തീരൂവെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ. നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനെപ്പറ്റി തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇനി മുന്നോട്ട് പോകുവാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി വാരാന്തപതിപ്പിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.
ഇപ്പോൾ താരങ്ങളും ടെക്‌നീഷ്യൻമാരും നിർമ്മാതാക്കളുടെ കൂടെ ചേർന്ന് സിനിമ എടുത്തിട്ട് അതിന്റെ ഷെയറ് കൂടി വാങ്ങിക്കുന്ന പതിവുണ്ട്. ചിലർ ഓവർസീസ് റേറ്റ് വാങ്ങിക്കാറുണ്ട്. ഇതൊക്കെ മാറ്റണം. എല്ലാത്തിനും ഒരു വ്യവസ്ഥയും അച്ചടക്കവുമൊക്കെ ഉണ്ടാവണം. ഇവിടെ കാശ് മുടക്കുന്നവന് യാതൊരു വിലയുമില്ല. ഒരു പടത്തിൽ അഭിനയിക്കാൻ വരുമ്പോൾ നിർമ്മാതാവ് ആരെന്ന് അറിയാത്ത താരങ്ങളുണ്ട്.
ഞങ്ങളൊക്കെ മൂന്നരകോടിയിൽ പടം തീർക്കണം എന്ന് ആവശ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ നിർമ്മാണ ചെലവ് 85 കോടി രൂപയിൽ എത്തിയിരിക്കുന്നു. ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ നല്ല ആവേശവുമായി വരുന്ന കുറെപ്പേരായിരുന്നു ഈ അടുത്ത കാലത്ത് സിനിമയിൽ പണം മുടക്കിയിരുന്നത്. ഇനിയാര് വരും, എത്രപേർ വരും എന്നതിലൊക്കെ ആശങ്കയുണ്ടെന്നും സുരേഷ് കുമാർ പറയുന്നു.
കുറച്ചുമുന്നേ ഒരു ചെറിയ പടം നന്നായി ഓടി. പുതിയ സംവിധായകന്റെ സിനിമ ആയിരുന്നു അത്. അടുത്ത പടത്തിന് അയാൾ ഒരു നിർമ്മാതാവിനോട് ചോദിച്ചത് 60 ലക്ഷം രൂപയാണ്. പ്രിയദർശനെ പോലുളള സീനിയർ സംവിധായകൻ ഒപ്പം എന്ന സിനിമ ചെയ്യാൻ പോലും അത്രയേ വാങ്ങിച്ചുളളൂ.
Discussion about this post