ജയസൂര്യയുടെ ‘സൂഫിയും സുജാതയു’ടേയും വിദ്യാ ബാലന്റെ ‘ശകുന്തളദേവി’യുടെയും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ‘സൂഫിയും സുജാത’യില്‍ ജയസൂര്യയും അദിഥി റാവുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ ഒടിടി റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ആമസോണ്‍ പ്രൈമില്‍ ജൂലൈ 2 ന് ചിത്രം റിലീസ് ചെയ്യുക.
ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് മലയാള സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തീയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തീയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള ഒരു ചിത്രമാണിതാണെന്നാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.
വിദ്യബാലന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ശകുന്തളാദേവിയുടെയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 31 നാണ് ചിത്രം ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്യുക. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ശകുന്തള ദേവിയുടെ വ്യക്തി പ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതിന് കാരണം എന്നും ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയിലാണ് താനെന്നുമാണ് ചിത്രത്തെ കുറിച്ച് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞത്. ശകുന്തള ദേവിയുടെ ഇരുപത് വയസ്സു മുതല്‍ അവസാനകാലം വരെയുള്ള ഗെറ്റപ്പിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
#shakuntaladevionprime #shakuntaladevi release on July 31 & #sufiyumsujatayum on July 2 pic.twitter.com/qPLfKD2B0m
— Pragadeesh Gandhi (@1Rooba) June 11, 2020