റാമിനെയും ജാനുവിനേയും അവരുടെ പ്രണയത്തെയും അങ്ങനെ പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. സ്‌കൂള്‍ മാറിപ്പോയ റാമിനെ കാത്തിരിക്കുന്ന ജാനു. തന്റെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന റാം. സ്‌ക്രീനില്‍ നൊസ്റ്റാള്‍ജിയ നിറച്ച ആ പ്രണയം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്.
നൊസ്റ്റാള്‍ജിയ നിറച്ച സിനിമയിലെ പോലെ തന്റെ ജീവിതത്തിലെ ആദ്യപ്രണയം വെളിപ്പെടുത്തിരിക്കുകയാണ് റാമായി മനം കവര്‍ന്ന വിജയ് സേതുപതി. സ്‌കൂള്‍ ഓര്‍മകളൊന്നും അത്ര നിറമുള്ളതല്ല. ക്ലാസ്സില്‍ ശരാശരിയില്‍ താഴെയുള്ള കുട്ടി. വലിയ പൊക്കവും വണ്ണവും ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ടീമിലുമില്ല. വിജയ് ഗുരുനാഥ സേതുപതി എന്നാണു മുഴുവന്‍ പേര്. പേരിന്റെ നീളക്കൂടുതലും കുറച്ച് പ്രശ്‌നമായിരുന്നു.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. കൂട്ടുകാരനാണ് പ്രണയമാണെന്ന് പറഞ്ഞത്. എന്റെ ‘ജാനു’ ആ നാലാംക്ലാസ്സുകാരിയാണ്. ‘ലവ്’ എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. എന്നാല്‍ ഇന്ന് അവളുടെ പേരു പോലും എനിക്ക് ഓര്‍മയില്ല. ആ നാളുകളോടു വല്ലാത്ത സ്‌നേഹമുണ്ട്. ആറാം ക്ലാസ്സില്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. അവളെ പിന്നീട് കണ്ടിട്ടില്ല. പക്ഷേ, തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ലെന്നും വിജയ് സേതുപതി പറയുന്നു.
എന്നാല്‍ പിന്നീട് വീട്ടില്‍ കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങള്‍ ചെന്നൈയിലേക്കു താമസം മാറി. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ 20ാം വയസ്സില്‍ ഗള്‍ഫിലേക്കു പോയി.
എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ചു പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞു. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ‘ഐ ലവ് യൂ’ എന്നല്ല ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്നു നേരേയങ്ങു ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓക്കെ പറഞ്ഞു. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം എന്റെ 23ാം വയസ്സില്‍ വിവാഹം. നിശ്ചയത്തിന്റെയന്നാണ് നേരില്‍ കാണുന്നത്. പിന്നെ, ഗള്‍ഫിലേക്കു പോയില്ല.
Discussion about this post