മലയാള താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ: ഉടൻ തീരുമാനമില്ല; ജനറൽ ബോഡി മീറ്റിങ് വൈകുമെന്ന് ‘അമ്മ’

കൊച്ചി: മലയാള സിനിമാലോകം കൊവിഡിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതേസമയം, വിഷയത്തിൽ താരസംഘടന ‘അമ്മ’യുടെ തീരുമാനം വൈകുമെന്നാണ് സൂചന. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജനറൽ ബോഡി എന്ന് ചേരാനാകുമെന്നതിൽ വ്യക്തതയില്ല. ഭാരവാഹികളിൽ പലരും സംസ്ഥാനത്തിന് പുറത്താണുളളത്. എല്ലാവരുടേയും അഭിപ്രായം കേൾക്കാതെ തീരുമാനമെടുക്കാനാവില്ലെന്നാണ് അമ്മ നേതൃത്വം അറിയിച്ചിരിക്കുന്നത്.

പ്രതിസന്ധി തുടരുന്നതിനാൽ മലയാള സിനിമയിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകൾക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തയച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികരണം അറിയിക്കണമെന്നാണ് കത്തിലുള്ളത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 ഉണ്ടാക്കിയത്. തിയേറ്ററുകൾ എന്ന് തുറക്കുമെന്ന് അറിയില്ല, തുറന്നാലും എത്രത്തോളം ആളുകൾ വരുമെന്നതും പ്രതിസന്ധിയാണ്. സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകളിൽ വലിയ കുറവുണ്ടാകും. ഈ സാഹചര്യത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും വലിയ അളവിൽ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തിൽ ആവശ്യപ്പെടുന്നത്. നിർമ്മാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക. 25 മുതൽ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ട് വെയ്ക്കുന്ന നിർദേശം.

Exit mobile version