മീ ടൂവിന് പിന്തുണയുമായി അക്ഷയ് കുമാറും; ഹൗസ്ഫുള്‍ 4 സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു

ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മൂന്ന് യുവതികളാണ് ഇന്നലെ രംഗത്തെത്തിയത്

ബോളിവുഡ് നടന്‍ ആമിര്‍ ഖാന് പിന്നാലെ മീ ടൂ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പിന്തുണയുമായി അക്ഷയ്കുമാറും രംഗത്ത്. ഹൗസ്ഫുള്‍ 4 സിനിമയുടെ സംവിധായകന്‍ സാജിദ് ഖാനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ അക്ഷയ്കുമാര്‍ ആവശ്യപ്പെട്ടു.

ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മൂന്ന് യുവതികളാണ് ഇന്നലെ രംഗത്തെത്തിയത്. നടി റേച്ചല്‍ വൈറ്റ്, സഹസംവിധായിക സലോണി ചോപ്ര, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് മാധ്യമങ്ങളോട് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാതെ തന്നെ സാജിദിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ അക്ഷയ് ആവശ്യപ്പെട്ടത്.

പുറത്തുവരുന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെക്കണണമെന്ന് ആവശ്യപ്പെടുന്നതായും അക്ഷയ് ട്വീറ്റ് ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് തക്കതായ ശിക്ഷ വേണം. ഞാനൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോടൊപ്പം ജോലി ചെയ്യില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അക്ഷയ് ട്വിറ്ററില്‍ കുറിച്ചു.

Exit mobile version