സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ‘കള്ളാപ്പ്’ എന്ന ഹൃസ്വ ചിത്രം. മദ്യം വാങ്ങാനുള്ള ആപ്പിനായി അക്ഷമരായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളുടെയും, അവര്‍ക്ക് ആപ്പ് വഴി മദ്യം ലഭിച്ചതിന് ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുമേഷ് ചാലിശ്ശേരിയാണ്.
നാട്ടില്‍ പുറത്ത് ചെറു സംഘം ചേര്‍ന്ന് മദ്യം വാങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹരിശ്രീ അശോകന്റെ ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചു നില്‍ക്കുന്നതാണ്. സാധാരണ മനുഷ്യരുടെ ചെറിയ സന്തോഷങ്ങളുടെ ലോകത്തേക്ക് തുറക്കുന്ന ജാലകം കൂടിയാണ് കള്ളാപ്പ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതിനോട് ഒപ്പം കൊവിഡ് കാലഘട്ടത്തില്‍ ആരോഗ്യ ജാഗ്രത മറക്കരുതെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.
സംഗീതം വിനീഷ് മണിയും ക്യാമറ നിഷാദ് കൊല്ലഴിയും എഡിറ്റിംഗ് സുനില്‍ പുലിക്കോട്ടിലും സ്‌ക്രിപ്റ്റ് രാജേഷ് നന്ദിയം കോടും ആര്‍ട്ട് നന്ദന്‍ ചാലിശ്ശേരിയും നിര്‍വഹിച്ചിരിക്കുന്നു.സിനിമാ, പരസ്യ ചിത്രീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ മൈന മൂവീസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും സ്വതന്ത്രമായും ലഘുചിത്രങ്ങള്‍ നിര്‍മിച്ച് കയ്യടി നേടിയ സംഘമാണ് മൈന മൂവീസ്. ലോക്ഡൗണ്‍ കാലത്ത് പ്രവാസികളുടെ തിരിച്ചുവരവ്, മാസ്‌ക് ഉള്‍പ്പെടെയുള്ള പുതിയ ശീലങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രത, ആഘോഷങ്ങള്‍ ഉപേക്ഷിക്കുന്നതിലെ മാനവികത തുടങ്ങിയവ പ്രമേയമാക്കി മൈക്രോ ചിത്രങ്ങളുടെ സീരീസ് പുറത്തിറക്കിയിരുന്നു.
Discussion about this post